മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ വമ്പൻ പ്രതീക്ഷയോടെ അനൗൺസ് ചെയ്ത ചിത്രമായിരുന്നു റാം. 2020 ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം പിന്നീട് കൊവിഡ്കാലത്ത് മുടങ്ങുകയായിരുന്നു.
ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങിയെങ്കിലും സിനിമയെ കുറിച്ചുള്ള യാതൊരു അപ്ഡേഷനും ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു.
ഇതേ കൂട്ടുകെട്ടിൽ തന്നെ ശേഷം റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു ദൃശ്യം 2, ട്വൽത്ത് മാൻ. ക്രിസ്തുമസ് റിലീസായി നേര് എന്ന പുതിയ ചിത്രവും ഒരുങ്ങി കഴിഞ്ഞു.
റാം സിനിമയുടെ റിലീസ് നീളുന്നതിനെ കുറിച്ച് മറുപടി പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ചിത്രം ഒരു പ്രതിസന്ധിയിലാണെന്നും അതിന്റെ കാര്യത്തിൽ നിർമാതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്നും ജീത്തു പറയുന്നു. തന്റെ ഏത് സിനിമയുടെ കാര്യം പറയുമ്പോഴും റാമിന്റെ കാര്യമാണ് പ്രേക്ഷകർ ചോദിക്കുന്നതെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
‘റാം കുറച്ച് പ്രതിസന്ധിയിൽ നിൽക്കുന്ന സിനിമയാണ്. അത് നിർമാതാക്കളാണ് തീരുമാനിക്കേണ്ടത്. അതിന്റെ ചർച്ചകളൊക്കെ നടക്കുന്നുണ്ട്.
ഞങ്ങൾ എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് റാം. എല്ലാവരുടെയും സങ്കടവുമാണത്. ഞാൻ എന്റെ ഏത് സിനിമയുടെ അപ്ഡേറ്റൊ ട്രെയ്ലറോ ടൈറ്റിൽ അനൗൺസ്മെന്റോ ചെയ്താലും, താൻ കൂടുതൽ വർത്താനമൊന്നും വേണ്ട ആ റാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്ക് എന്നാണ് ആളുകൾ എഴുതുന്നത്. ഞാൻ എന്ത് ചെയ്യാനാണ്. എനിക്കതിനകത്ത് ഒന്നും ചെയ്യാൻ കഴിയില്ല.
അത് ചെയ്യേണ്ട ആളുകൾ എന്തെങ്കിലും തീരുമാനം എടുക്കണം. ഞാനും ലാൽ സാറുമെല്ലാം അതിനായി ശ്രമിച്ചു കൊണ്ടിരുക്കുകയാണ്.
അതിന്റെ പുറകിൽ തന്നെയാണ്. പക്ഷെ മിക്കവാറും കുറച്ച് സമയം എടുക്കുമായിരിക്കും. എനിക്കറിയില്ല,’ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talk About Ram Movie