| Wednesday, 20th December 2023, 5:41 pm

കോടി ക്ലബ്ബിലേക്കുള്ള സിനിമ എന്ന നിലയിൽ നേരിനെ കാണരുത്, അതിൽ കോൺഫിഡൻസ് ഇല്ല, എന്നാൽ..: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫിന്റെ അടുത്ത മോഹൻലാൽ ചിത്രം നേരിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ദൃശ്യം ചെയ്ത് ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ ആക്ടർ ഡയറക്ടർ കോമ്പോയായിരുന്നു മോഹൻലാൽ – ജീത്തു ജോസഫ്.

ഇരുവരും വീണ്ടുമൊരു സിനിമയുമായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികളും.

നേര് നല്ലൊരു സിനിമയാണെന്ന ബോധ്യമുണ്ടെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ചിത്രം ബോക്സ് ഓഫീസിൽ തകർക്കുമെന്ന കോൺഫിഡൻസ് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സിനിമകളെല്ലാം അളക്കുന്നത് കോടി ക്ലബ്ബിന്റെ അടിസ്ഥാനത്തിൽ ആണെന്നും ജീത്തു ജോസഫ് പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നേര് നല്ലൊരു സിനിമയാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. ഇപ്പോൾ ബോക്സ്‌ ഓഫീസിൽ സിനിമ എങ്ങനെ വരുമെന്ന് നമുക്ക് പറയാൻ പറ്റില്ല. എത്ര കളക്ഷൻ വരുമെന്നും പറയാൻ കഴിയില്ല. പക്ഷെ ഇത്‌ നല്ലൊരു സിനിമയാണ് എന്ന ആത്മവിശ്വാസമുണ്ട്. ലാലേട്ടനും തോന്നി, ഇത്‌ നല്ല സിനിമയാണെന്ന്.

പക്ഷെ ഇത്‌ ഗംഭീരമായി തകർക്കും എന്നൊന്നും പറയാൻ ഉള്ള കോൺഫിഡന്റ് എനിക്കില്ല. നല്ല സിനിമയാണ് എന്നുറപ്പുണ്ട്. കാരണം ഒന്നാമത് ഇപ്പോൾ എല്ലാം അളക്കുന്നത് കോടി ക്ലബ്ബ് വെച്ചിട്ടല്ലേ. എത്രയോ നല്ല സിനിമകളുണ്ട് കോടി ക്ലബ്ബിൽ ഒന്നും കയറാത്തത്. പക്ഷെ പറയുന്നത് മുഴുവൻ ഇത്ര കോടി നേടി എന്നൊക്കെയാണ്.

അതിനകത്തേക്കൊന്നും കയറാൻ എനിക്ക് താത്പര്യമില്ല. നല്ലൊരു സിനിമ ചെയ്തു എന്ന ആത്മസംതൃപ്തി എനിക്കുണ്ട്. പ്രേക്ഷകരാണെങ്കിലും അത് നല്ലൊരു സിനിമ എന്ന രീതിയിൽ മാത്രം കാണുക. കോടി ക്ലബ്ബിലേക്ക് പോവുന്ന സിനിമ എന്ന നിലയിൽ കാണേണ്ട ആവശ്യമില്ല,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About Neru Movie And Collections Of Malayalam Cinema

We use cookies to give you the best possible experience. Learn more