കുറഞ്ഞ ചിത്രങ്ങൾ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്.
ഹിറ്റ് കോമ്പോ ആയ മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന നേര് റിലീസിന് ഒരുങ്ങുകയാണ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് നേര്. എപ്പോഴെങ്കിലും മോഹൻലാലിന്റെ അഭിനയം കണ്ട് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് ജീത്തു.
സിനിമ ചെയ്യുന്ന സമയത്ത് ഓക്കെ ആയതുകൊണ്ടാണ് അപ്പോൾ ഓക്കെ പറയുന്നതൊന്നും ചില സീനുകൾ വേറെ രീതിയിൽ ചെയ്യിപ്പിക്കാമായിരുന്നു എന്ന് തോന്നാറുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല സിനിമയിലെ പല ഷോർട്ടിന്റെ കാര്യത്തിലും അങ്ങനെ തോന്നാറുണ്ടെന്നും ജാങ്കോ സ്പേസ് ടി. വിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘നമുക്ക് അപ്പോൾ ഓക്കെ ആയതുകൊണ്ടാണല്ലോ പല സീനുകളും നമ്മൾ ഓക്കെ എന്ന് പറയുന്നത്. ഇഷ്ടപ്പെടാതെ ഓക്കെ പറയുന്നതല്ല. ചിലപ്പോൾ ഒന്ന് രണ്ട് ടേക്കുകൾ എടുക്കും.
ചില സീനുകൾ കാണുമ്പോൾ എനിക്ക് തോന്നും ഇത് വേറെ രീതിയിൽ ഒന്നും ചെയ്യിപ്പിച്ചു നോക്കാമായിരുന്നു എന്ന്. ലാലേട്ടൻ അദ്ദേഹത്തിന്റെ ഒരു രീതി നമുക്ക് തരും. പക്ഷേ ചിലപ്പോൾ നമുക്ക് തോന്നും അത് മറ്റൊരു രീതിയിലാണെങ്കിൽ ഇതിനേക്കാൾ ബെറ്റർ ആയിരിക്കുമെന്ന്. അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്.
അത് അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ഷോട്ടിന്റെ കാര്യത്തിൽ ആണെങ്കിലും അങ്ങനെയാണ്. ചില സീനുകൾ കാണുമ്പോൾ ഇത് വേറൊരു രീതിയിൽ എടുത്താൽ നന്നാവുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എഡിറ്റിങ് ടേബിളിൽ വന്ന് ഷോട്ടുകളൊക്കെ ഒറ്റ സ്ട്രെച്ചിൽ കാണുമ്പോൾ പലതും വേറെ രീതിയിൽ എടുക്കാം എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ പിന്നെ റീ ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോ. അതുകൊണ്ട് ചെയ്യാറില്ല. കൂട്ടത്തിൽ ബെറ്റർ ആയിട്ടുള്ളത് യൂസ് ചെയ്യും,’ജീത്തു ജോസഫ് പറയുന്നു
Content Highlight: Jeethu Joseph Talk About Mohanlal’s Acting