ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ ശ്രദ്ധേയരായ സംവിധായകരുടെ കൂട്ടത്തില്‍ ഇടംപിടിച്ച വ്യക്തിയാണ് ജീത്തു ജോസഫ്. ദൃശ്യമെന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യമൊത്തം സ്വീകാര്യത നേടാനും ജീത്തുവിന് കഴിഞ്ഞിരുന്നു.
എന്നാല്‍ ഇത്ര ഉയരത്തില്‍ നില്‍ക്കുമ്പോഴും താനൊരു നാട്ടിന്‍പുറത്തുകാരന്‍ ആണെന്നും തന്റെ മനസിലെപ്പോഴും അത്തരമൊരു മനോഭാവമാണെന്നും ജീത്തു പറയുന്നു.
സിനിമാ മേഖലയില്‍ വരുമ്പോള്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഒരു വാക്ക് പറഞ്ഞാല്‍ വാക്ക് ആയിരിക്കണമെന്നും ജീത്തു സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഒരു നാട്ടിന്‍ പുറത്തുകാരനാണ്. കൃഷിക്കാരന്റെ മകനാണ്. അച്ഛന്‍ ഒരു എം. എല്‍.എ ആണെങ്കില്‍ പോലും ഞാന്‍ അദ്ദേഹത്തിലെ കൃഷിക്കാരനെയാണ് കൂടുതല്‍ ഓര്‍ക്കുക. കൈപുണ്യമുള്ള കൃഷിക്കാരനാണ് എന്നാണ് അച്ഛനെ കുറിച്ച് നാട്ടുകാര്‍ പറഞ്ഞിരുന്നത്. എനിക്കിപ്പോഴും ആ ഒരു മനോഭാവമാണ്.
അതുകൊണ്ട് തന്നെ സിനിമാ മേഖലയില്‍ വരുമ്പോള്‍ ചില പൊരുത്ത കേടുകളുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നമ്മള്‍ ഒരു വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം. പക്ഷെ സിനിമയില്‍ അങ്ങനെയൊന്നുമല്ല അതൊക്കെ അങ്ങ് മാറും. ഞാന്‍ പെട്ടെന്ന് ഇറിറ്റേറ്റഡാവും ഒരു ആര്‍ട്ടിസ്റ്റ് ഇന്ന സമയത്ത് വന്ന് അഭിനയിക്കുമെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ വന്നിരിക്കണം. ഇപ്പോള്‍ ഞാന്‍ അതുമായി പൊരുത്തപ്പെടുകയാണ്. ഇവിടെ ഇങ്ങനെയാണ്,’ജീത്തു ജോസഫ് പറയുന്നു.
അതേസമയം ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം നേര് റിലീസിന് ഒരുങ്ങുകയാണ്. പ്രിയാമണി, ജഗദീഷ്, അനശ്വര രാജന്‍, സിദ്ദിഖ് തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്.
Content Highlight: Jeethu Joseph Talk About Malayalam Film Industry