| Tuesday, 2nd January 2024, 2:13 pm

'അന്ന് ആ താരത്തിന് പരിക്ക് പറ്റി ഷൂട്ട്‌ നിർത്തേണ്ടി വന്നു, ഒരു വണ്ടി കേടായി'; റാം മുടങ്ങിയതിനെ കുറിച്ച് ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ നേര് തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

ദൃശ്യത്തിന് ശേഷം ഈ കൂട്ടുകെട്ടിൽ ഇറങ്ങി തിയേറ്ററിൽ റിലീസാവുന്ന ആദ്യ ചിത്രമായിരുന്നു നേര്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരുന്നത്.

എന്നാൽ പ്രഖ്യാപനം മുതൽ വലിയ രീതിയിൽ ഹൈപ്പ് കയറി ഇത്‌ വരെ റിലീസാവാത്ത ഒരു മോഹൻലാൽ – ജീത്തു ചിത്രമുണ്ട്, റാം. ഷൂട്ടിങ് തുടങ്ങിയെങ്കിലും കൊവിഡ് സമയത്ത് നിന്ന് പോവുകയായിരുന്നു റാമിന്റെ ഷൂട്ട്‌. പിന്നീട് പുനരാരംഭിച്ചെങ്കിലും പല പ്രശ്നങ്ങൾ കാരണം ചിത്രം മുടങ്ങി പോവുകയായിരുന്നു.

റാം കുറച്ച് പ്രശ്നത്തിലാണ് നിലനിൽക്കുന്നതെന്നും ഷൂട്ട്‌ ആരംഭിക്കാൻ താരങ്ങളുടെ ഡേറ്റ്, കാലാവസ്ഥ തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും ജീത്തു പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നടി സംയുക്ത മേനോന് പരിക്ക് പറ്റിയെന്നും അതെല്ലാം ഇനി വീണ്ടും എടുക്കുന്നത് ഒരുപാട് പ്രയാസമാണെന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘റാം കുറച്ച് കോംപ്ലിക്കേഷനിലാണ് നിൽക്കുന്നത്. ഡേറ്റ്, കാലാവസ്ഥ തുടങ്ങി ഒരുപാട് പ്രശ്നങ്ങളുണ്ട് അത് തുടങ്ങാൻ. കാരണം അത് അത്ര എളുപ്പമല്ല. ചുമ്മാ അങ്ങ് പോയി തുടങ്ങാൻ പറ്റില്ല. ഒരുപാട് ആർട്ടിസ്റ്റ് കോമ്പിനേഷൻ വേണം. ലൊക്കേഷനിലെ കാലാവസ്ഥ ശ്രദ്ധിക്കണം. കുറച്ചു ഭാഗങ്ങൾ റീഷൂട്ട് ചെയ്യാനുണ്ട്.

സംയുക്ത മേനോന് ഷൂട്ടിനിടയിൽ പരിക്കുപറ്റി ഇടയ്ക്ക് വെച്ച് നിർത്തി പോവേണ്ടി വന്നിരുന്നു. ഇനി അത് ഷൂട്ട് ചെയ്യുമ്പോൾ അപ്പോഴുള്ള എല്ലാ അഭിനേതാക്കളെയും കിട്ടണം. അതുപോലെ ഷൂട്ടിനിടയിൽ ഒരു വണ്ടി കേടായി. എക്സ്.യു.വിയ്ക്ക് പകരം കാർ ഉപയോഗിക്കേണ്ടി വന്നു. ഇനി അത് കണക്ട് ചെയ്യാൻ കുറച്ച് സംഭവങ്ങൾ വേണം.

അങ്ങനെ കുറെ കോംപ്ലിക്കേഷൻസ് ഉണ്ട്. അതെല്ലാം സെറ്റ് ആക്കിയാൽ മാത്രമേ റാം ബാക്കി ഷൂട്ട് ചെയ്യാൻ കഴിയുള്ളു. അതിന് ഒത്തിരി പണിയുണ്ട്. റാമിന്റെ നിർമാണ ചിലവിനെ കുറിച്ചൊന്നും ഇപ്പോൾ ഞാൻ പറയുന്നില്ല,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About Issues Of Ram Movie

We use cookies to give you the best possible experience. Learn more