'ആ സിനിമ ഏത്‌ ഴോണറാണെന്ന് ഇപ്പോൾ ഞാൻ പറയില്ല'; മമ്മൂട്ടി ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്
Entertainment
'ആ സിനിമ ഏത്‌ ഴോണറാണെന്ന് ഇപ്പോൾ ഞാൻ പറയില്ല'; മമ്മൂട്ടി ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th December 2023, 10:42 pm

ദൃശ്യം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കിടയിൽ വമ്പൻ സ്വീകാര്യത നേടിയ സംവിധായകനാണ് ജീത്തു ജോസഫ്.

സുരേഷ് ഗോപിയെ നായകനാക്കി ഡിക്ടറ്റീവ് എന്ന സിനിമ സംവിധാനം ചെയ്താണ് ജീത്തു മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മോഹൻലാൽ പൃഥ്വിരാജ് തുടങ്ങിയ മുൻനിര നായകന്മാരോടൊപ്പം ജീത്തു സിനിമകൾ ചെയ്തിരുന്നു.

ദൃശ്യത്തിലൂടെ മലയാളികളുടെ ഇഷ്ട കോമ്പോയായി മാറിയ കൂട്ടുകെട്ടായിരുന്നു ജീത്തു ജോസഫ് – മോഹൻലാൽ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രം നേര് റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ മമ്മൂട്ടിയോടൊപ്പം ജീത്തു ജോസഫ് ഒരു സിനിമ പോലും ചെയ്തിട്ടില്ല. മുമ്പ് ദൃശ്യം സിനിമയുടെ കഥയുമായി മമ്മൂട്ടിയെ സമീപിച്ച കാര്യമെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയുമൊത്തൊരു സിനിമ എന്നാണെന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ടെന്നും ഒരു ചിത്രം ആലോചനയിൽ ഉണ്ടെന്നുമാണ് ജീത്തു പറയുന്നത്. കഥ പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്നും ചിത്രത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ജാങ്കോ സ്പേസ് ടി.വിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘എന്നോട് എല്ലാവരും അത് തന്നെയാണ് എപ്പോഴും ചോദിക്കുന്നത്. ഒരു ചിത്രം എന്റെ ആലോചനയിലുണ്ട്. പക്ഷെ അത് കൺഫോം ആക്കണം. കാരണം ആ കഥയൊരു ഫോം ആയാൽ മാത്രമേ എനിക്ക് ചെന്ന് അത് പറയാൻ കഴിയുകയുള്ളൂ. ഞാൻ അതിന് വേണ്ടി കാത്തിരിക്കുകയാണ്. ആ ചിത്രം ഏത്‌ ഴോണറാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. അപ്പോൾ അറിഞ്ഞാൽ മതി,’ജീത്തു പറയുന്നു.

അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടുത്ത ദിവസം തിയേറ്ററുകളിൽ എത്തുകയാണ്. അഡ്വക്കേറ്റ് വിജയ് മോഹൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്.

പ്രിയാ മണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: Jeethu Joseph Talk About His Mammooty Film