| Wednesday, 13th December 2023, 1:32 pm

ആ ചിത്രത്തിൽ നിന്ന് പുറത്തായതിന്റെ വാശിയിലാണ് ഞാൻ ഡിറ്റക്ടീവ് ഒരുക്കിയത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധാകരിൽ ഒരാളായി ഉയർന്ന് വന്ന വ്യക്തിയാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന ഒരൊറ്റ സിനിമയിലൂടെ വലിയ സ്വീകാര്യത നേടിയ ജീത്തു ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഡിറ്റക്ടീവ് ആയിരുന്നു.

എന്നാൽ ഡിറ്റക്ടീവ് താൻ കഥ എഴുതി മറ്റൊരാളുടെ സംവിധാനത്തിൽ ചെയ്യാൻ ഇരുന്ന സിനിമയാണെന്നും അതിന്റെ ഭാഗമായി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനോടൊപ്പം വർക്ക് ചെയ്തിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു. പിന്നീട് ചിത്രത്തിന്റെ ബഡ്ജറ്റ് കൂടിയപ്പോൾ ആ ചിത്രത്തിൽ നിന്ന് താൻ പുറത്തായെന്നും ആ വാശിയിലാണ് ഡിറ്റക്ടീവ് എന്ന ചിത്രം താൻ സംവിധാനം ചെയ്തതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ആ സിനിമ സംഭവിച്ചിരുന്നുവെങ്കിൽ ജീവിതത്തിൽ ഭയങ്കരമായി വ്യത്യാസം വന്നേനെ. കാരണം ആ സിനിമയുടെ സ്റ്റോറി മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ഞാൻ ഒരു കഥയായിട്ട് വന്നതായിരുന്നു.

അതിന്റെ തിരക്കഥ തയ്യാറാക്കാനാണ് ഡെന്നീസ് ജോസഫ് സാറിന്റെ കൂടെ ഞാൻ ഇരുന്നത്. അന്ന് ആ സിനിമ നടന്നിരുന്നുവെങ്കിൽ കഥ – ജീത്തു ജോസഫ് എന്ന് മാത്രമേ വരുമായിരുന്നുള്ളു. പക്ഷെ ബഡ്ജറ്റ് എല്ലാം കൂടിയത് കാരണം ആ സിനിമ നടന്നില്ല. അത് ചെയ്യാൻ ഇരുന്നത് സംവിധായകൻ രാജ് ബാബു ആയിരുന്നു.

ആ ചിത്രത്തിൽ വർക്ക്‌ ചെയ്തപ്പോൾ എനിക്ക് സ്ക്രിപ്റ്റിങ്ങിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഞാൻ ഡെന്നീസ് സാറിന്റെ കൂടെ ലോഡ്ജിലൊക്കെ താമസിച്ച് എല്ലാ ദിവസവും തിരക്കഥയിൽ ഒരുപാട് ചർച്ചകൾ നടത്തിയാണ് അതെല്ലാം പഠിച്ചെടുത്തത്. ഒരു പടത്തിന്റെ പകുതി വർക്ക്‌ ചെയ്ത എക്സ്പീരിയൻസ് മാത്രമേ എനിക്കുള്ളൂ.

പിന്നെ ഞാൻ ആ പ്രൊജക്റ്റിൽ നിന്ന് ഞാൻ പുറത്തായി. കാരണം ചിത്രത്തിന്റെ കഥ മാറ്റി. ആ കഥയ്ക്ക് പകരം അവർ ചെസ്സ് എന്ന സിനിമ എടുത്തു. കാരണം ഇത്‌ കുറച്ച് ഹെവി ബഡ്ജറ്റ് ആയിരുന്നു. പക്ഷെ എനിക്കിപ്പോൾ തോന്നുന്നത് അതൊരു അനുഗ്രഹമായി മാറിയെന്നാണ്. ആ വാശിക്ക് ഇരുന്ന് ഞാൻ എഴുതിയതാണ് ഡിറ്റക്ടീവ്.

ഡിറ്റക്ടീവ് വന്നപ്പോൾ കഥ, സംവിധാനം ജീത്തു ജോസഫ് എന്നായി മാറി. അതാണ് ആ വ്യത്യാസം,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About His First Movie Detective

We use cookies to give you the best possible experience. Learn more