ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ ഒരാളായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. ഡിറ്റക്റ്റീവ് എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് കരിയർ തുടങ്ങിയ ജീത്തു കോമഡി, ഡ്രാമ ഴോണറിലെല്ലാം സിനിമ ചെയ്ത് വിജയിച്ചിരുന്നു.
എന്നാൽ ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെയാണ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനായി അദ്ദേഹം മാറിയത്. അതോടെ ജീത്തുവിന്റെ ത്രില്ലർ സിനിമകൾക്ക് വലിയ ആരാധകരും വർധിച്ചു. ദൃശ്യം, ദൃശ്യം 2, കൂമൻ, ട്വൽത്ത് മാൻ, മെമ്മറീസ് എന്നിവയെല്ലാം ജീത്തു ഒരുക്കിയ ത്രില്ലർ ചിത്രങ്ങൾ ആയിരുന്നു.
ആദ്യ സിനിമയായ ഡിക്റ്ററ്റീവിന്റെ ക്ലൈമാക്സിനെ കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്. കോളേജിൽ പഠിക്കുമ്പോൾ കണ്ട ഒരു ജെയിംസ് ബോണ്ട് ചിത്രത്തിൽ നിന്നാണ് അതിന്റെ ക്ലൈമാക്സ് ഐഡിയ കിട്ടിയതെന്ന് അദ്ദേഹം പറയുന്നു. അതുപോലെ മമ്മി ആൻഡ് മീ ഒരു ടെലിഫിലിം ആയി റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ജീത്തു.
‘കോളേജിലൊക്കെ പഠിക്കുമ്പോൾ കണ്ടിരുന്ന ഒരു ജെയിംസ് ബോണ്ട് പടത്തിൽ നിന്നാണ് ക്ലൈമാക്സിൽ നൂൽ വഴിയുള്ള ആ സാധനം കിട്ടുന്നത്. അത് കണ്ടപ്പോൾ തോന്നിയ ആ ഐഡിയയിൽ നിന്ന് ഞാൻ ഉണ്ടാക്കിയതാണ് ഡിറ്റക്റ്റീവ് എന്ന സിനിമ.
ആ ജയിംസ് ബോണ്ട് ചിത്രത്തിൽ ഒട്ടും പ്രധാന്യമില്ലാത്ത ഒരു സീനായിരുന്നു അത്. അതിൽ നിന്നും ഉണ്ടാക്കിയതാണ് ഡിറ്റക്റ്റീവിലെ ആ ഭാഗം.
അതുപോലെ മമ്മി ആൻഡ് മീ ഞാൻ കോളേജിൽ പഠിക്കുമ്പോൾ വാലന്റൈൻസ് ഡേയ്‌ക്ക് ഒരു ടെലിഫിലിമായി ഇറക്കാമെന്ന് കരുതിയതായിരുന്നു. കാരണം ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യമായിരുന്നു അമ്മ മകൾ വഴക്കുകൾ.
നമ്മുടെ വീട്ടിലും ചുറ്റുപ്പാടിലുമെല്ലാം അതുണ്ട്. അതിൽ തമാശയുണ്ട് വേദനയുണ്ട് അങ്ങനെ അത് ജീവിതത്തിൽ നിന്ന് തന്നെ കിട്ടിയതാണ്,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talk About Detective Movie