ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ ഒരാളായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. ഡിറ്റക്റ്റീവ് എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് കരിയർ തുടങ്ങിയ ജീത്തു കോമഡി, ഡ്രാമ ഴോണറിലെല്ലാം സിനിമ ചെയ്ത് വിജയിച്ചിരുന്നു.
എന്നാൽ ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെയാണ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനായി അദ്ദേഹം മാറിയത്. അതോടെ ജീത്തുവിന്റെ ത്രില്ലർ സിനിമകൾക്ക് വലിയ ആരാധകരും വർധിച്ചു. ദൃശ്യം, ദൃശ്യം 2, കൂമൻ, ട്വൽത്ത് മാൻ, മെമ്മറീസ് എന്നിവയെല്ലാം ജീത്തു ഒരുക്കിയ ത്രില്ലർ ചിത്രങ്ങൾ ആയിരുന്നു.
ആദ്യ ചിത്രമായ ഡിറ്റക്റ്റീവിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. അന്ന് ചെറുപ്പക്കാരെല്ലാം കണ്ട സിനിമയാണ് ഡിറ്റെക്റ്റീവെന്നും ഫാമിലി പ്രേക്ഷകർ വരാത്തത് കൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നും ജീത്തു പറയുന്നു. അന്ന് സിനിമ കണ്ട് ഒരുപാടാളുകൾ വിളിച്ചിരുന്നുവെന്നും ഡിറ്റക്റ്റീവ് കഴിയുമ്പോഴേക്കും മെമ്മറീസിന്റെയും മമ്മി ആൻഡ് മീയുടെയും സ്ക്രിപ്റ്റ് പൂർത്തിയാക്കിയിരുന്നുവെന്നും ജീത്തു റെഡ്.എഫ്.എമ്മിനോട് പറഞ്ഞു.
‘ഡിറ്റക്റ്റീവിന്റെ നിർമാതാവ് അന്ന് എന്നോട് പറഞ്ഞു, നമുക്കൊരു അമ്പതിനായിരം രൂപയുടെ നഷ്ടം മാത്രമേ വന്നിട്ടുള്ളൂവെന്ന്. ചെറുപ്പക്കാരൊക്കെ സിനിമ കണ്ടു. പക്ഷെ ഫാമിലി തിയേറ്ററിലേക്ക് വന്നില്ല.
ഞാനന്ന് എറണാകുളത്തുണ്ട്. അന്ന് ഷട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ കൂടെ കളിക്കാൻ വേറേ ഒരാൾ കൂടെ ജോയിൻ ചെയ്തു. അന്ന് ഡിറ്റക്റ്റീവ് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അയാൾ വന്നിട്ട് പറഞ്ഞു, ഞാൻ അങ്ങനെ പടമൊന്നും കാണാൻ പോവുന്നതല്ല. പക്ഷെ ഇപ്പോൾ ഒരു പടം ഇറങ്ങിയിട്ടുണ്ട് ഡിറ്റക്റ്റീവ് എന്നാണ് പേര്.
എന്നെ അറിയാവുന്ന ചിലർ ഇങ്ങനെ എന്നെ നോക്കുന്നുണ്ട്. അയാൾ പറഞ്ഞു, കൊള്ളാം.. പക്ഷെ മേക്കിങ് ഒക്കെ ഇത്തിരി പഴയതാണ്, പക്ഷെ തുടക്കകാരനല്ലേ പണി അറിയാം എന്നൊക്കെ അയാൾ പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ അവിടെ കൂടി നിന്നവർ എന്നെ ചൂണ്ടിയിട്ട് പറഞ്ഞു, ദാ ഇതാണ് ഡയറക്ടറെന്ന്. അതറിഞ്ഞപ്പോൾ പുള്ളി എന്നോട് കുറെ നേരം സംസാരിച്ചു.
എന്നെ അന്ന് കുറെപേർ വിളിച്ചു. അപ്പോൾ എനിക്ക് മനസിലായി. ഒരു വിഭാഗം പ്രേക്ഷകർ ആ സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഫാമിലിയൊന്നും വന്നിട്ടില്ല. കാരണം ഏതോ ഒരു ജീത്തു ജോസഫ് സുരേഷ് ഗോപിയെ വെച്ചൊരു സിനിമയെടുക്കുന്നു എന്നാണ് എല്ലാവരുടെയും ചിന്ത. ഡിറ്റക്റ്റീവ് കഴിയുമ്പോഴേക്കും എനിക്ക് രണ്ട് സ്ക്രിപ്റ്റ് റെഡിയായി. വെറുതെ ഇരിക്കുമ്പോൾ എഴുതുന്നതാണ്. അതായിരുന്നു മമ്മി ആൻഡ് മീയും മെമ്മറീസും,’ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talk About Detective Movie