ദൃശ്യം എന്നൊരൊറ്റ ത്രില്ലർ ചിത്രത്തിലൂടെ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ സിനിമയായ ഡിറ്റക്റ്റീവ് ത്രില്ലർ ഗണത്തിൽ പുറത്തിറങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ മെമ്മറീസ് എന്ന സിനിമയിലൂടെയാണ് ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ എന്ന പേര് ജീത്തുവിന് ലഭിക്കുന്നത്.
ക്രിമിനൽ മൈൻഡുള്ള സംവിധായകനാണ് ജീത്തു ജോസഫ് എന്ന് ചിലർ പറയാറുണ്ട്. എന്നാൽ താൻ ചെറുപ്പത്തിൽ വായിച്ച പുസ്തകങ്ങൾ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും താൻ ക്രിമിനലാണെന്ന് പറയുന്നവർക്കായി ഇനി രണ്ട് സിനിമകൾ വരാനുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. റെഡ്.എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡിറ്റക്റ്റീവ് കഴിഞ്ഞപ്പോൾ കുറെ പേര് എന്റെ വൈഫിനോട് ചോദിച്ചിട്ടുണ്ട്, എന്ത് ധൈര്യത്തിലാണ് കൂടെ കിടക്കുന്നത്. അപ്പോൾ അവൾ അവരോട് ചോദിച്ചത് ഡിറ്റക്റ്റീവ് എന്ന സിനിമയുടെ അടിസ്ഥാനത്തിൽ അല്ലെ നിങ്ങൾ ചോദിക്കുന്നതെന്നാണ്. പുറത്ത് കിടത്തിയിട്ടും കാര്യമില്ലെന്ന് ആ സിനിമ കണ്ടപ്പോൾ മനസിലായില്ലേ എന്നവൾ അവരോട് ചോദിച്ചു.
പിന്നെ ഞാനൊരു ക്രിമിനൽ ആണെന്നൊക്കെ ചിലർ പറയാറുണ്ട്. ദൃശ്യം വന്നപ്പോഴാണ് അത് ഏറ്റവും കൂടിയത്. നോക്കുമ്പോൾ ഭാര്യ, രണ്ട് പെൺമക്കൾ. ഇയാൾ ആരെയോ അടിച്ചു കൊന്ന് ഏതോ പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ കുഴിച്ചു ഇട്ടിട്ടുണ്ടെന്ന് ചിലർ പറഞ്ഞു. അങ്ങനെ ചില കമന്റുകളൊക്കെ വന്നു.
എനിക്ക് വല്ലാതെ ക്രിമിനൽ മൈൻഡ് വരുന്നു എന്നൊക്കെ പറഞ്ഞവരുണ്ട്. സത്യത്തിൽ ചെറുപ്പത്തിൽ ഞാൻ വായിച്ചിരുന്ന പുസ്തകങ്ങളുടെ ഇൻഫ്ലുവൻസായിരിക്കും അത്. അഗത ക്രിസ്റ്റി, ഷെർലെക്ക് ഹോംസ്, അതുപോലെ ജെയിംസ് ആലി ചേസിന്റെ ബുക്കുകൾ അങ്ങനെയുള്ള സ്പൈ കഥകളൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
അതുകൊണ്ട് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ എനിക്ക് പെട്ടെന്ന് പറ്റും. അതിന്റെയൊക്കെ സ്ക്രിപ്റ്റ് ചെയ്യാനും ഇത്തിരി എളുപ്പമാണ്. എന്റെ കയ്യിൽ വേറെ രണ്ട് ഐഡിയ കൂടെ ഇരിക്കുന്നുണ്ട്. അതുകൂടി കാണിച്ചു കഴിഞ്ഞാൽ ഞാൻ ആസ്ഥാന ക്രിമിനൽ ആവും. സത്യം പറഞ്ഞാൽ രണ്ട് വ്യത്യസ്ത സബ്ജക്ട് കയ്യിലുണ്ട്. സാധനം റെഡിയാണ്. പക്ഷെ സ്ക്രിപ്റ്റ് ആക്കിയിട്ടില്ല. എല്ലാ ഴോണറും ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ഞാനിപ്പോൾ അത് മാറ്റിവെച്ചത്,’ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talk ABout Crimes In His Film