ഒട്ടും ഭാഗ്യമില്ലാത്തവനെ എന്തിന് സിനിമയിലേക്ക് വിളിക്കുന്നുവെന്ന് അന്ന് ചോദിച്ചവരുണ്ട്: ജീത്തു ജോസഫ്
Entertainment
ഒട്ടും ഭാഗ്യമില്ലാത്തവനെ എന്തിന് സിനിമയിലേക്ക് വിളിക്കുന്നുവെന്ന് അന്ന് ചോദിച്ചവരുണ്ട്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 12:23 pm

ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ ഒരാളായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. ഡിറ്റക്റ്റീവ് എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് കരിയർ തുടങ്ങിയ ജീത്തു കോമഡി, ഡ്രാമ ഴോണറിലെല്ലാം സിനിമ ചെയ്ത് വിജയിച്ചിരുന്നു.

എന്നാൽ ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെയാണ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനായി അദ്ദേഹം മാറിയത്. ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, ബിനു പപ്പു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന കോമഡി ചിത്രം നുണക്കുഴിയാണ് അടുത്ത ജീത്തു ജോസഫ് ചിത്രം.

ടെലിവിഷൻ രംഗത്തുള്ള പലർക്കും തന്റെ സിനിമയിൽ പ്രധാന വേഷം നൽകിയിട്ടുള്ള വ്യക്തിയാണ് ജീത്തു ജോസഫ്. എന്നാൽ താൻ അത്തരത്തിൽ സിനിമയിൽ അവസരം നൽകുന്നതിനെ വിമർശിക്കുന്നവർ ഉണ്ടെന്നും പക്ഷെ, എന്ത് ചെയ്യരുതെന്ന് പറയുന്നോ, അത് തന്നെ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും ജീത്തു പറയുന്നു.

ആദി എന്ന ചിത്രത്തിലേക്ക് ക്യാമറമാനായി സതീഷ് കുറുപ്പിനെ തെരഞ്ഞെടുത്തപ്പോഴും വിമർശിച്ചവർ ഉണ്ടെന്നും എന്നാൽ അതിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും ജീത്തു പറഞ്ഞു. ഫിലിമി ബീറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കൊരു സ്വഭാവമുണ്ട്. അത് നല്ലതാണോ ചീത്തയാണോ എന്നെനിക്കറിയില്ല. എന്നോടൊരാൾ അങ്ങനെയൊന്നും ചെയ്യരുതെന്ന് പറഞ്ഞാൽ ഞാൻ അതുതന്നെ ചെയ്യാനാണ് നോക്കുക. അന്നൊക്കെ പറയുമായിരുന്നു ടെലിവിഷനിൽ ഉള്ളവരെ എടുക്കരുത് , അവർ വന്നു കഴിഞ്ഞാൽ സിനിമ നന്നാവില്ലായെന്നൊക്കെ. ഞാൻ ആശ ശരത്തിനെ കാസ്റ്റ് ചെയ്തപ്പോഴും കുറ്റം പറഞ്ഞവരുണ്ട്.

ഞാൻ എന്റെ ഒരു സിനിമയിലേക്ക് ആർട്ട്‌ ഡയറക്ടറെ എടുക്കാൻ നോക്കിയപ്പോൾ ഒരുപാട് പേര് പറഞ്ഞു, അയാൾ പ്രശ്നക്കാരൻ ആണെന്ന്. അങ്ങനെ വന്ന് എന്റെ അടുത്ത് കുറ്റം പറഞ്ഞപ്പോൾ ഞാൻ അവനെ തന്നെ വെച്ചു. കാരണം അവർക്ക് എന്തെങ്കിലും ഒരു ക്വാളിറ്റിയുണ്ടാവും. ഞാൻ അവനെ തന്നെ എന്റെ സിനിമയിൽ വെച്ചു.

എന്റെ സിനിമയിലേക്ക് ക്യാമറമാനാവാൻ സതീഷ് കുറുപ്പിനെ വിളിക്കുമ്പോഴും പലരും ഇങ്ങനെ പറഞ്ഞിരുന്നു. ഒട്ടും ഭാഗ്യമില്ലാത്ത ക്യാമറമാനാണ് സതീഷ് കുറുപ്പെന്ന് അന്ന് കുറെ പേര് പറഞ്ഞു. തമാശ എന്താണെന്ന് വെച്ചാൽ, ഞാനും സതീഷും കൂടെ ആദി എന്ന ചിത്രത്തിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോവുമ്പോൾ ഫുഡ്‌ കഴിക്കാൻ വേണ്ടി നിർത്തിയിരുന്നു.

അപ്പോൾ സതീഷ് എന്നോട് ചോദിച്ചു, ചേട്ടൻ സത്യം പറഞ്ഞാൽ എന്തുകൊണ്ടാണ് എന്നെ ഈ സിനിമയിലേക്ക് എടുത്തതെന്ന്. ഞാൻ പറഞ്ഞു, നിങ്ങൾ ഒരു അൺലക്കി ക്യാമറമാനാണെന്ന് ആളുകൾ പറഞ്ഞുവെന്ന്. അപ്പോൾ സതീഷ് ചോദിച്ചു, അപ്പോൾ ചേട്ടന് അത് അറിയാമല്ലേയെന്ന്. എനിക്ക് അതിൽ ഒന്നും വിശ്വാസമില്ല,’ജീത്തു ജോസഫ് പറയുന്നു.

 

Content Highlight: Jeethu Joseph Talk About Camerman Satheesh Kurupp