നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസ് ഇന്ന് തിയേറ്ററിൽ എത്തി. ആസിഫ് അലിയും അമല പോളും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ടുണിഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയുള്ള ലെവൽ ക്രോസ് ജീത്തു ജോസഫാണ് അവതരിപ്പിക്കുന്നത്.
ജീത്തു ജോസഫിന്റെ സംവിധാന സഹായികൂടെയാണ് ലെവൽ ക്രോസിന്റെ സംവിധായകൻ അർഫാസ് അയൂബ്. ഏതൊരാളും ആദ്യ സിനിമ ഒരു സാധാരണ ചിത്രമായാണ് ആലോചിക്കാറെന്നും താനും അങ്ങനെയായിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു.
എന്നാൽ ആദ്യ ചിത്രമെന്ന നിലയിൽ ഇങ്ങനെയൊരു വിഷയവുമായി അർഫാസ് വന്നപ്പോൾ തനിക്ക് താത്പര്യം തോന്നിയെന്നും അങ്ങനെയാണ് ഈ സിനിമയോട് ഓക്കെ പറഞ്ഞതെന്നും ജീത്തു പറയുന്നു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരാളുടെ ഫസ്റ്റ് സിനിമ എപ്പോഴും ഒരു സാധാരണ ചിത്രമായിരിക്കും. ഞാനടക്കം എന്റെ ആദ്യ സിനിമ ചെയ്തത് പക്കാ ഒരു ടിപ്പിക്കൽ പാറ്റേണിൽ ആയിരുന്നു. അങ്ങനെ പോവുന്ന ഒരു ആംഗിളിൽ ആയിരുന്നു.
പക്ഷെ അർഫാസ് ഇങ്ങനെയൊരു കഥ പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത്, അവൻ ഇങ്ങനെയും ചിന്തിച്ചല്ലോ എന്നാണ്. നല്ലൊരു ഫിലിം മേക്കറിന്റെ വലിയൊരു പ്രത്യേകതയാണ് ഒന്ന് വേറിട്ട് ചിന്തിക്കുകയെന്നത്. പക്ഷെ അപ്പോഴും അത് ഇൻട്രെസ്റ്റിങ് ആക്കി അത് പറയണം. പിന്നെ നല്ല ഡെപ്ത്തുള്ള കഥാപാത്രങ്ങൾ വേണം.
എന്നിലൊരു ഫിലിം മേക്കറുണ്ട്. എനിക്ക് ചിന്തിക്കാൻ പറ്റാത്ത തലത്തിൽ വേറെ ഒരാൾ ചിന്തിക്കുമ്പോൾ നമുക്കൊരു എക്സൈറ്റ്മെന്റ് ഉണ്ടാവും. പ്രത്യേകിച്ച് അത് നമ്മുടെ കൂടെ ഉള്ള ഒരാളാവുമ്പോൾ സന്തോഷമാണ്. അതുകൊണ്ടാണ് ഞാൻ അർഫാസിനോട് ഓക്കെ പറഞ്ഞത്,’ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talk About Arsaf Ayoob And Level Cross Movie