സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. തന്റെ മുൻ ചിത്രങ്ങളെ പോലെ ട്വിസ്റ്റോ സസ്പെൻസോ ഉള്ള ഒരു സിനിമയല്ല നേരെന്ന് ജീത്തു പറഞ്ഞിട്ടുണ്ട്.
ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്. നേരിൽ ഭയങ്കരമായി ഫീലും രോമാഞ്ചവും കിട്ടുന്ന ഒരു സീൻ ഉണ്ടെന്നും അതൊരിക്കലും ഒരു ട്വിസ്റ്റോ സസ്പെൻസോ അല്ലെന്നുമാണ് ജീത്തു പറയുന്നത്.
ചിത്രത്തിലെ എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും തന്റെ മറ്റു സിനിമയിൽ നിന്ന് വേറിട്ട് നിർത്തുന്നത് അതാണെന്നും അദ്ദേഹം സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.
‘ഞാനിത് പറയാൻ പാടുണ്ടോ എന്നറിയില്ല. സിനിമയുടെ സ്ക്രിപ്റ്റ് എല്ലാം കഴിഞ്ഞു ഞാൻ ഒരു ദിവസം തീം മ്യൂസിക്കും കേട്ട് ഇരിക്കുമ്പോൾ എന്റെ മനസിൽ ഒരു വിഷ്വൽ വന്നു. ഞാൻ അത് മോളോട് പറഞ്ഞപ്പോൾ, അയ്യോ ഡാഡി എന്ന് ചോദിച്ചു. അടുത്ത മോളോടും വൈഫിനോടും പറഞ്ഞു. ശാന്തിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവളും അയ്യോയെന്ന് പറഞ്ഞു.
എനിക്ക് തോന്നുന്നത് ഭയങ്കരമായി ഫീൽ കിട്ടുന്ന ഒരുപക്ഷെ രോമാഞ്ചം തോന്നുന്ന ഒരു സംഭവമുണ്ട് അതിനകത്ത്. ട്വിസ്റ്റോ സസ്പെൻസോ ഒന്നുമല്ല. ഒരു ഇമോഷണൽ സാധനമുണ്ട്. ദൈവമായിട്ട് ഒരു സാധനം എന്നെ കൊണ്ട് തോന്നിപ്പിച്ചു അങ്ങനെ അതങ്ങ് സംഭവിച്ചതാണ്. അത് കണ്ടവരും കേട്ടവരും ഡബ്ബിങ് കഴിഞ്ഞിട്ട് സിദ്ദിഖ് ഇക്ക വരെ പറഞ്ഞു, അയ്യോ ഇതൊരു രക്ഷയുമില്ലായെന്ന്.
അങ്ങനെയൊരു സീൻ ചിത്രത്തിലുണ്ട്. പക്ഷെ അത് മാത്രം ഉണ്ടായിട്ട് കാര്യമില്ല. അതല്ലാതെ തന്നെ ഞാൻ ഇത് വരെ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ പ്രകടനങ്ങൾ ഉള്ള ചിത്രമാണ് നേര്. എല്ലാവരുടെയും ഉണ്ട്.
ലാൽ സാറിന്റെയുണ്ട് ജഗദീഷ് ചേട്ടന്റെയുണ്ട് സിദ്ദിഖ് ചേട്ടന്റെയുണ്ട് അനശ്വരയുടേതുണ്ട് അങ്ങനെ എല്ലാവരും അവരുടെതായ ചെറിയ മൊമെന്റ്സ് ചിത്രത്തിനായി തന്നിട്ടുണ്ട്,’ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talk About A Scene In Neru Movie