മലയാളസിനിമയിലെ നാഴികക്കല്ല് എന്ന് പറയാന്‍ കഴിയുന്ന ചിത്രമാണ് 2013ല്‍ റിലീസായ ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. ഒരു സാധാരണ കുടുംബചിത്രം എന്ന രീതിയില്‍ തുടങ്ങി മലയാളസിനിമ ഇന്നുവരെ കാണാത്ത ത്രില്ലറിലേക്ക് ദൃശ്യം മാറി. ഏഴോളം ഭാഷകളില്‍ റീമേക്ക് ചെയ്ത ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രം കൂടിയാണ്.
ദൃശ്യത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിലെ ഡൈനിങ് റൂമിലെ സീന്‍ താന്‍ മള്‍ട്ടി ക്യാം വെച്ചാണ് എടുത്തതെന്നും അന്നത്തെ കാലത്ത് അധികമാരും മള്‍ട്ടി ക്യാമില്‍ ഷൂട്ട് ചെയ്യാറില്ലായിരുന്നെന്നും ജീത്തു പറഞ്ഞു. മെയിന്‍ ക്യാമറ സെറ്റ് ചെയ്തതിന് ശേഷം രണ്ടാമത്തെ ക്യാമറ എവിടെ വെക്കണമെന്ന് കണ്‍ഫ്യൂഷനായെന്ന് ജീത്തു പറഞ്ഞു.
ഏതെങ്കിലും മൂലക്ക് വെക്ക് എന്ന് അസിസ്റ്റന്റിനോട് പറഞ്ഞിട്ടാണ് ആ സീന്‍ എടുത്തതെന്നും സീന്‍ എടുത്ത ശേഷം മോഹന്‍ലാലിന്റെ റിയാക്ഷന്‍ ശരിക്ക് കിട്ടിയിട്ടുണ്ടെകുമോ എന്ന് സംശയമായെന്നും ജീത്തു പറഞ്ഞു. ഇതിനെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ക്യാമറയില്‍ നോക്കിയപ്പോള്‍ ആ റിയാക്ഷന്‍ കൃത്യമായി കിട്ടിയെന്നും മോഹന്‍ലാല്‍ അത് കണ്ട് ഞെട്ടിയെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.
‘ദൃശ്യം സിനിമയിലെ പല സീനുകളും മള്‍ട്ടി ക്യാമിലാണ് എടുത്തത്. മെമ്മറീസ് മുതല്‍ ഞാന്‍ സിനിമയെടുക്കുന്നത് ആ രീതിയിലാണ്. ദൃശ്യത്തിലെ ഡൈനിങ് റൂം സീന്‍ എടുത്തതും മള്‍ട്ടി ക്യാമിലാണ്. അതിലെ പ്രധാന പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ മെയിന്‍ ക്യാമറ സെറ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ സെക്കന്‍ഡ് ക്യാമറ എവിടെ വെക്കണമെന്ന് കണ്‍ഫ്യൂഷനായി.
ഏതെങ്കിലും മൂലക്ക് കൊണ്ടുപോയി വെക്ക് എന്ന് അസിസ്റ്റന്റ്‌സിനോട് പറഞ്ഞു. സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ ഒരു ഡയലോഗിന് ലാലേട്ടന്‍ കൊടുത്ത റിയാക്ഷന്‍ ഗംഭീരമായിരുന്നു. അത് കറക്ടായി കിട്ടിയോ എന്ന് ഡൗട്ടായി. ഇതേ ഡൗട്ട് ലാലേട്ടനും ഉണ്ടായിരുന്നു. സെക്കന്‍ഡ് ക്യാമില്‍ കിട്ടിക്കാണുമോ എന്ന് ചുമ്മാ ഒന്ന് നോക്കി. അതില്‍ ആ റിയാക്ഷന്‍ കിട്ടിയിട്ടുണ്ടായിരുന്നു. ലാലേട്ടന് അത് കാണിച്ചുകൊടുത്തപ്പോള്‍ പുള്ളിയും ഞെട്ടി. അത്ര പെര്‍ഫക്ടായിട്ട് അത് കിട്ടുമെന്ന് ലാലേട്ടനും വിചാരിച്ചില്ല,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph sharing the shooting experience of Drishyam and Mohanlal