| Sunday, 17th December 2023, 8:40 am

ഷോട്ടിന് മുമ്പ് ലാലേട്ടൻ ഒപ്പിച്ച പരിപാടി, ഏറെ ബുദ്ധിമുട്ടിയാണ് സിദ്ദിഖ് ഏട്ടൻ അഭിനയിച്ചത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 1 ലെ ഏറ്റവും പ്രധാനപെട്ടൊരു സീൻ ആയിരുന്നു സിദ്ദിഖ് – മോഹൻലാൽ കോമ്പിനേഷനിലുള്ള ചിത്രത്തിന്റെ ക്ലൈമാക്സ്‌ സീൻ. ഇരുവരും ഒരുപോലെ ഗംഭീര പ്രകടനം കാഴ്ചവച്ച രംഗം സിനിമ കണ്ട പ്രേക്ഷകരാരും മറക്കില്ല.
ആ രംഗം എടുക്കുമ്പോഴുള്ള രസകരമായ ഓർമ പങ്കുവെക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

ഷോട്ടിനു മുമ്പ് തയ്യാറെടുക്കുന്ന മോഹൻലാലും സിദ്ധിക്കും എന്തോ സംസാരിക്കുന്നത് താൻ കണ്ടെന്നും ഷോട്ട് കഴിഞ്ഞതിനുശേഷം എന്താണ് സംസാരിച്ചത് എന്ന് ചോദിച്ചപ്പോൾ ലാൽ ഒരു തമാശ ഒപ്പിച്ചു എന്ന് സിദ്ദിഖ് പറഞ്ഞെന്നും ജീത്തു പറയുന്നു.

മോഹൻലാൽ അങ്ങനെയാണെന്നും ഷോട്ട് ആവുമ്പോൾ നന്നായി അഭിനയിക്കുമെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ദൃശ്യം 1 ന്റെ ക്ലൈമാക്സിൽ രണ്ട് ഫാമിലിയും കൂടെ മീറ്റ് ചെയ്യുന്നത് റിസർവോയറിന്റെ സൈഡിൽ നിന്നാണ് ഷൂട്ട്‌ ചെയ്തിട്ടുള്ളത്. ഡയലോഗ് കൂടുതൽ പറയാൻ ഉള്ളത് സിദ്ദിഖ് ഏട്ടനാണ്. ലാൽ സാറിനുമുണ്ട്.

അവരങ്ങനെ ഡയലോഗ് ഒക്കെ വായിച്ച് ഷോട്ടിനൊക്കെ തയ്യാറാവുകയാണ്. ഞാൻ ഒരുങ്ങി നിൽക്കുകയാണ്. ഞാൻ നോക്കുമ്പോൾ ഷോട്ടിന് മുൻപ് അവരെന്തോ സംസാരിക്കുന്നുണ്ട്. പെട്ടെന്ന് സിദ്ദിഖ് ഇക്ക ഒന്ന് ചിരിക്കുന്നത് കണ്ടു. പിന്നെ ഷോട്ട് ഒക്കെ എടുത്തു. ഷോട്ട് ഓക്കെ ആയിരുന്നു. സിംഗിൾ ഷോട്ട് ആണത്.

ഷോട്ട് കഴിഞ്ഞ ശേഷം സിദ്ദിഖ് ഏട്ടൻ ഷോട്ട് ഓക്കെ ആണോയെന്ന് ചോദിച്ചു. വേണമെങ്കിൽ ഒന്നുകൂടെ എടുക്കാം എന്നദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു ഓക്കെയാണ് നന്നായിട്ട് ചെയ്തിട്ടുണ്ടെന്ന്. പെട്ടെന്ന് സിദ്ദിഖ് ഏട്ടൻ പറഞ്ഞു, ലാൽ ഷോട്ടിന് മുമ്പൊരു പരിപാടി ഒപ്പിച്ചു വച്ചിട്ട് ചിരി വന്നതാണ്. ഞാൻ എന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അവിടെ ഏതോ ഒരു കാക്കയും ഒരു കൊക്കും ഇരിക്കുന്നുണ്ടായിരുന്നു. അത് വെള്ളം കുടിക്കുകയായിരുന്നു.

ഷോട്ടിന് തൊട്ട് മുമ്പ് ലാലേട്ടൻ സിദ്ദിഖ് ഏട്ടന് അത് കാണിച്ച് കൊടുത്തിട്ട് പറഞ്ഞു, ഇതാണ് കാക്ക കുളിച്ചാൽ കൊക്ക് ആവുമെന്ന് പറയുന്നത്. ഞാൻ അവിടെ ഷോട്ടിനായി ക്യാമറ റോൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. സിദ്ദിഖ് ഇക്ക ചിരിച്ചിട്ടൊക്കെയാണ് ഡയലോഗ് പറഞ്ഞത്.

അതാണ് ലാലേട്ടൻ. ഷോട്ടിന് മുമ്പ് ജോക്കും അടിച്ചിട്ട് സീനിൽ കയറിയങ്ങ് അഭിനയിക്കും. അങ്ങനെ കട്ട്‌ ഓഫ് ആയി തിരിച്ചും വരും.

Content Highlight: Jeethu Joseph Shares A Funny Memory Of Drishyam Movie Climax Shoot

We use cookies to give you the best possible experience. Learn more