| Wednesday, 13th December 2023, 12:34 pm

ദൃശ്യത്തിലേക്ക് ആ സംവിധായകൻ പറഞ്ഞ നടനെ എനിക്ക് ഉൾകൊള്ളാൻ പറ്റിയില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ഗംഭീര സ്വീകരണം ലഭിച്ചിരുന്നു.

മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിലേക്ക് മമ്മൂട്ടിയേയും പരിഗണിച്ചിരുന്നുവെന്നത് ജീത്തു ജോസഫ് മുമ്പും പറഞ്ഞിട്ടുണ്ട്.

എന്നാൽ ചിത്രത്തിലേക്ക് ശ്രീനിവാസനെ ആദ്യം വിചാരിച്ചിരുന്നുവെന്നും അന്നത്തെ കഥയ്ക്ക് ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ജീത്തു പറയുന്നു. മോഹൻലാലോ മമ്മൂട്ടിയോ ചെയ്താൽ മാത്രമേ ദൃശ്യം ഇത്ര വലിയ രീതിയിൽ സ്വീകരിക്കപെടുള്ളൂവെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

‘ദൃശ്യത്തിന് മമ്മൂക്ക ഓക്കെ പറയുകയാണെങ്കിലും ഇങ്ങനെ തന്നെ ആവുമായിരുന്നു. അദ്ദേഹം ചെയ്താലും ദൃശ്യം നന്നായിട്ട് തന്നെ വന്നേനെ. മമ്മൂക്കയോ ലാലേട്ടനോ ചെയ്താൽ ആ സിനിമ തീർച്ചയായും വലിയ വിജയം ആകുമെന്ന് വിശ്വാസമുണ്ടായിരുന്നു. കാരണം രണ്ടുപേരും ജീവിച്ചിരിക്കുന്ന ലെജൻഡ്സാണ്. മികച്ച നടന്മാരാണ്.

എന്നാൽ കുറച്ചുകൂടി താഴെ നിൽക്കുന്ന നടനാണ് ചെയ്യുന്നതെങ്കിലും സിനിമ നന്നായേനെ പക്ഷെ ഇവർ സിനിമയെ കൊണ്ടുപോകുന്ന ഉയരത്തിലേക്കൊന്നും ആ ചിത്രം എത്തില്ലായിരുന്നു.

ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് ഞാൻ എനിക്ക് വേണ്ടി എഴുതിയതല്ലായിരുന്നു. എന്റെയൊരു അസോസിയേറ്റ് ഡയറക്ടർക്ക് വേണ്ടി എഴുതിയതായിരുന്നു. അദ്ദേഹം ഒരു തീമിനെ കുറിച്ചും ക്യാരക്ടറിനെ കുറിച്ചും എന്നോട് പറഞ്ഞു. എന്റെ കയ്യിൽ അന്നൊരു കഥ ഉണ്ടായിരുന്നു. പിന്നെ ഒടുവിൽ പുള്ളി പറഞ്ഞ ക്യാരക്ടറിനെ എന്റെ കഥയിലേക്ക് ചേർത്ത് വെച്ചു. അങ്ങനെ ഞാനൊരു സ്ക്രിപ്റ്റ് എഴുതി പുള്ളിക്ക് കൊടുത്തു.

ആ സമയത്ത് ആ കഥ ശ്രീനിയേട്ടനെ വെച്ച് ചെയ്യാൻ ആയിരുന്നു പ്ലാൻ. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. പിന്നെ അതിങ്ങനെ നടക്കാതെ താളം തെറ്റി അങ്ങനെ പോയി. ഇപ്പോഴത്തെ ദൃശ്യവുമായി അതിന് കുറച്ച് വ്യത്യാസമുണ്ടായിരുന്നു. ഒടുവിൽ ആ സംവിധായകൻ ഒരു നടന്റെ പേര് പറഞ്ഞു. അതെനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല.

അവസാനം അത് ഞാൻ തന്നെ ചെയ്യാം എന്ന് തീരുമാനിച്ച് അദ്ദേഹത്തിന്റെ ക്യാരക്ടറൈസേഷനെ തിരിച്ചു നൽകി. അങ്ങനെ അവസാനമാണ് ദൃശ്യം ഉണ്ടാവുന്നത്,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Says That The Script of the Drishyam was not Written By Him

We use cookies to give you the best possible experience. Learn more