| Saturday, 9th September 2023, 8:58 am

നേരില്‍ ട്വിസ്റ്റില്ല, കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലുമായി താന്‍ വീണ്ടും ഒന്നിക്കുന്ന ‘നേര്’ ഒരു കോര്‍ട്ട് റൂം ഡ്രാമയാണെന്നും സിനിമയില്‍ യാതൊരു ട്വിസ്റ്റും ഇല്ലായെന്നും സംവിധായകന്‍ ജീത്തു ജോസഫ്.
സിനിമ പൂര്‍ണമായും കോര്‍ട്ട് റൂം ഡ്രാമയായി തന്നെയാണ് പുരോഗമിക്കുന്നതെന്നും ജീത്തു പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.

‘ഒരു കേസ് കോടതിയില്‍ വരുമ്പോള്‍ എങ്ങനെയാണ് അതിന്റെ പ്രൊസിജിയര്‍ എന്നൊക്കെയാണ് സിനിമയിലുള്ളത്, ആളുകള്‍ പറയുന്ന പോലെ നേര് ലീഗല്‍ ത്രില്ലറോ, കോര്‍ട്ട് റൂം ത്രില്ലറോ ഒന്നുമല്ല, സിനിമ പൂര്‍ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. സിനിമയിലെ കേസും, പ്രതികളേയുമെല്ലാം പ്രേക്ഷകര്‍ക്ക് അറിയാന്‍ പറ്റും, പക്ഷെ ആ കേസ് കോടതിയില്‍ വരുമ്പോള്‍ എങ്ങനെ സംഭവിക്കുന്നു എന്നൊക്കെയാണ് നേരിലുള്ളത്,’ ജീത്തു പറയുന്നു.

തന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങളെ പറ്റിയും ജീത്തു ജോസഫ് അഭിമുഖത്തില്‍ പറയുന്നുണ്ട്. മോഹന്‍ലാലുമായി ഒന്നിക്കുന്ന റാമിന് ഇനിയും 45 ദിവസത്തോളം ഷൂട്ടിങ് ബാക്കിയുണ്ടെന്നും, ത്രില്ലര്‍ അല്ലാതെ വേറെയും ഴോണര്‍ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു.

സതീഷ് കുറുപ്പാണ് നേരിന്റെ ഡി.ഒ.പി. നീതി തേടുന്നു (seeking justice) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ നേരത്തെ പങ്കുവെച്ചിരുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അഭ്യര്‍ഥിക്കുന്നുവെന്നും ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്ത വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ജയിലറാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ചിത്രം. പത്ത് മിനിട്ട് മാത്രമുള്ള മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. നെല്‍സണ്‍ ദിലീപ് സംവിധാനം ചെയ്ത രജിനികാന്ത് ചിത്രത്തില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറിന്റെ കാമിയോ റോളും ചര്‍ച്ചയായിരുന്നു. വിനായകനാണ് ചിത്രത്തില്‍ വില്ലനായത്, രമ്യ കൃഷ്ണ, തമന്ന, മിര്‍, ജാക്കി ഷറോഫ്, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തിയത്.

മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം വൃഷഭ’യും ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. നന്ദ  കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.

Content Highlight: Jeethu joseph says that neru movie have no suspense its completely a court room drama

We use cookies to give you the best possible experience. Learn more