ദൃശ്യവും മെമ്മറീസുമല്ല ആ ചിത്രമാണ് എന്റെ ടേണിങ് പോയിന്റ്: ജീത്തു ജോസഫ്
Entertainment
ദൃശ്യവും മെമ്മറീസുമല്ല ആ ചിത്രമാണ് എന്റെ ടേണിങ് പോയിന്റ്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th August 2024, 12:15 pm

ദൃശ്യം, മെമ്മറീസ് തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. എന്നാൽ തന്റെ ജീവിതത്തിലെ ടേണിങ് പോയിന്റായി കരുതുന്ന ചിത്രം മമ്മി ആൻഡ്‌ മീ ആണെന്ന് ജീത്തു ജോസഫ് പറയുന്നു.

ആദ്യ ചിത്രമായ ഡിറ്റെക്റ്റീവിന് ശേഷം ജീത്തു സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മി ആൻഡ്‌ മീ. ജീത്തു ജോസഫിന് കുടുംബ പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടിക്കൊടുത്ത ചിത്രമായിരുന്നു മമ്മി ആൻഡ് മീ. ഉർവശി, മുകേഷ്, അർച്ചന കവി കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

പലരും തള്ളികളഞ്ഞ കഥയായിരുന്നു മമ്മി ആൻഡ്‌ മീയുടേതെന്നും മലയാളത്തിലെ നടനും സംവിധായകനുമായ ഒരു വ്യക്തി ചിത്രത്തിന്റെ കഥ സിനിമയാക്കാൻ പറ്റില്ലെന്ന് പറഞ്ഞെന്നും ജീത്തു പറയുന്നു. റെഡ്.എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡിറ്റക്റ്റീവ് കഴിഞ്ഞപ്പോഴേക്കും മമ്മി ആൻഡ് മീയുടെയും മെമ്മറീസിന്റെയും തിരക്കഥ ഞാൻ പൂർത്തിയാക്കിയിട്ടുണ്ട്. അതുമായി ഞാൻ രണ്ടര വർഷം നടന്നു. അന്നേരമൊന്നും ഞാൻ മെമ്മറീസ് എടുത്തില്ല. മമ്മി ആൻഡ് മീ അപ്പോൾ ചെയ്യാൻ പറ്റുമെന്നത് എന്റെയൊരു ആത്മവിശ്വാസമായിരുന്നു.

കാരണം മമ്മി ആൻഡ് മീയുടെ സ്ക്രിപ്റ്റുമായി ഞാനും എന്റെ ഒരു കൺട്രോളറും മലയാളത്തിലെ വലിയൊരു റൈറ്ററും സംവിധായകനും നടനുമൊക്കെയായ ഒരാളെ പോയി കണ്ടു. അദ്ദേഹത്തിന് അത് വായിക്കാൻ കൊടുത്തപ്പോൾ പുള്ളി പറഞ്ഞു, ഇതൊന്നും സിനിമയാക്കാൻ പറ്റില്ലെന്ന്. അത് അങ്ങനെയാണ് ഇങ്ങനെയാണ് എന്നെല്ലാം പറഞ്ഞ് അദ്ദേഹം അത് തള്ളിക്കളഞ്ഞു.

അതോടെ എന്റെ കൺട്രോളർ എന്നെ ഇട്ടിട്ട് പോയി. കാരണം അത്രയും അനുഭവമുള്ള ഒരാൾ പറയുന്നതല്ലേ. പക്ഷെ ആ സിനിമ ചെയ്യാൻ പറ്റുമെന്നുള്ളത് എന്റെ കോൺഫിഡൻസ് ആയിരുന്നു. ആ സ്ക്രിപ്റ്റ് എടുത്ത് മറ്റൊരു കൺട്രോളറുമായി ഞാൻ വീണ്ടും യാത്ര തുടങ്ങി.

അവസാനം ജോയ് തോമസ് ശക്തി കുളങ്ങര എന്നൊരു നിർമാതാവ് അത് ചെയ്യാൻ വന്നു. സത്യത്തിൽ മമ്മി ആൻഡ് മീ ആയിരുന്നു എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്,’ജീത്തു ജോസഫ് പറയുന്നു.

 

Content Highlight: Jeethu Joseph Says That Mommy And Me Was Turning Point