| Wednesday, 20th December 2023, 4:55 pm

ലാലേട്ടന്റെ ഹ്യൂമറസ് വശം എക്സ്പ്ലോർ ചെയ്യുന്ന ആ സിനിമക്കാണ് ഞാൻ കാത്തിരിക്കുന്നത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഹിറ്റ്‌ കോമ്പോയായ മോഹൻലാൽ – ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്ന നേര് എന്ന ചിത്രം അടുത്ത ദിവസം റിലീസിന് ഒരുങ്ങുകയാണ്. ഒരു കോർട്ട് റൂം ഡ്രാമയായ ചിത്രത്തിൽ അഡ്വക്കേറ്റ് വിജയ് കുമാറായാണ് മോഹൻലാൽ എത്തുന്നത്.

മോഹൻലാലിനൊപ്പം ജീത്തു ചെയ്ത് വമ്പൻ വിജയമായ ദൃശ്യവും ട്വൽത്ത് മാനുമെല്ലാം ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങൾ ആയിരുന്നു.

എന്നാൽ മോഹൻലാലിനോടൊപ്പം ഒരു കോമഡി സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹൻലാലിന്റെ ഹ്യൂമറസായ വശം നന്നായി ഉപയോഗിക്കണമെന്നും അതിന് പറ്റിയ കഥ വേണമെന്നും ജീത്തു പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് അതിയായ ആഗ്രഹമുണ്ട് അങ്ങനെയൊരു സിനിമ ചെയ്യാൻ. എന്നാൽ ശരി ലാലേട്ടനെ വെച്ച് ഇങ്ങനെയൊരു സിനിമ ചെയ്യാം എന്ന് കരുതി ഇറങ്ങി പുറപ്പെടാൻ പറ്റില്ല. ഒരു കഥ വരുമ്പോൾ ആ കഥയ്ക്ക് ആവശ്യമായ ആളുകൾ എന്ന രീതിയിലാണ് ഞാൻ അഭിനേതാക്കളെ സമീപിക്കാറുള്ളത്.

എന്റെ മനസിലും ഉള്ള ആഗ്രഹമാണ് അദ്ദേഹത്തിന്റെ ഹ്യൂമറസായിട്ടുള്ള വശം എക്സ്പ്ലോർ ചെയ്യുന്ന തരത്തിലുള്ള സിനിമ ചെയ്യണമെന്ന്. അങ്ങനെ ഒരു കഥ വന്നാൽ തീർച്ചയായും ഞാൻ ചെയ്യും.

കൂമൻ സിനിമയുടെ റൈറ്റർ കൃഷ്ണ കുമാറും ഞാനും കൂടെ ചേർന്ന് എഴുതുന്ന ഒരു സിനിമയാണ് അടുത്തത്. അത് ഒരു ഹ്യൂമർ സബ്ജെക്റ്റാണ്.

നുണകുഴി എന്നാണ് ആ സിനിമയുടെ പേര്. ഹ്യൂമറിന് വേണ്ടിയാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. പ്രേക്ഷകർ തിയേറ്ററിൽ വന്നാൽ നന്നാവും,’ ജീത്തു ജോസഫ് പറയുന്നു

Content Highlight: Jeethu Joseph Says That He Want Too Do A Comody Film With Mohanlal

We use cookies to give you the best possible experience. Learn more