| Wednesday, 25th May 2022, 8:10 am

ദൃശ്യവും ട്വല്‍ത്ത് മാനും കൊച്ചു സിനിമ, എന്നെ സംബന്ധിച്ചിടത്തോളം ത്രില്ലര്‍ മെമ്മറീസ്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നതാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം സീരിസ്. ഒരു കുടുംബ ചിത്രമെന്ന നിലയില്‍ 2013ലെത്തിയ ദൃശ്യം റിലീസിന് പിന്നാലെ ത്രില്ലര്‍ എന്ന നിലയിലേക്ക് പോവുകയായിരുന്നു.

എന്നാല്‍ ദൃശ്യവും ട്വല്‍ത്ത് മാനുമൊക്കെ കൊച്ചു സിനിമയായിരുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം മെമ്മറീസാണ് ത്രില്ലറെന്നും പറയുകയാണ് ജീത്തു ജോസഫ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ദൃശ്യം സീരിസ് ഒരു കൊച്ചു സിനിമയാണെന്ന് പറഞ്ഞത്.

‘ദൃശ്യം ഒന്നും രണ്ടുമൊക്കെ കൊച്ചു സിനിമ തന്നെയാണ്. അതില്‍ ചില സിറ്റുവേഷന്‍സ് ഉണ്ടന്നേയുള്ളൂ. എന്നെ സംബന്ധിച്ചടത്തോളം ഒരു ത്രില്ലര്‍ മെമ്മറീസാണ്. ആസിഫുമായി ചെയ്യുന്ന കൂമന്‍ ഒരു ത്രില്ലറാണ്. അല്ലാതെ ദൃശ്യമൊക്കെ ഒരു കൊച്ചു സിനിമയായിട്ടാണ് ഞാന്‍ കാണുന്നത്. ട്വല്‍ത്ത് മാനും ഒരു കൊച്ചു സിനിമ തന്നെയാണ്. ലാലേട്ടന്‍ വരുന്നതുകൊണ്ടാണ് അതൊരു വലിയ സിനിമ ആവുന്നത്. 25 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത പടമാണ്.

ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ ഹോട്‌സ്റ്റാറിന് കൊടുക്കും എന്ന് തീരുമാനിച്ച സിനിമയാണ് ട്വല്‍ത്ത് മാന്‍. കൊവിഡിന്റെ സാഹചര്യത്തില്‍ തിയേറ്റര്‍ തുറന്നും അടച്ചും എത്ര നാള്‍ പോകുമെന്ന് അറിയാത്ത സമയത്ത് ഒരു കൊച്ചു സിനിമ എന്ന രീതിയില്‍ ചെയ്തതാണ്. പ്യൂര്‍ലി ഒ.ടി.ടിക്ക് വേണ്ടി ചെയ്ത ചിത്രം.

എന്നാല്‍ ദൃശ്യം ടു അങ്ങനെയല്ലായിരുന്നു. തിയേറ്റര്‍ തുറക്കും, എല്ലാം ശരിയാവും എന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോയത്. പക്ഷേ അടുത്ത വേവ് വരുന്നു, എയര്‍പോര്‍ട്ടൊക്കെ അടക്കുന്നു എന്ന് കണ്ടപ്പോള്‍ വേറെ നിര്‍വാഹമില്ലാതെ ചെയ്തതാണ്. അതും ഒരു വിധത്തില്‍ അനുഗ്രഹമാണെന്ന് പറയാം. കൊവിഡ് വന്നതോടെ കേരളത്തിന് പുറത്തേക്കുള്ള റിലീസ് ബുദ്ധിമുട്ടായിരുന്നു.

ഒ.ടി.ടിയില്‍ കിട്ടിയ വേള്‍ഡ് വൈഡ് ആക്‌സപ്റ്റന്‍സ് തിയേറ്ററില്‍ റിലീസ് ചെയ്താല്‍ കിട്ടില്ലായിരുന്നു. മാക്‌സിമം അളുകളിലേക്ക് എത്തുക എന്നതാണ് നമ്മുടെ സന്തോഷം. ദൃശ്യം ടുവിന് ഇതുപോലെ പോയതുകൊണ്ട് ഈ കോമ്പിനേഷനില്‍ അടുത്ത സിനിമ വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ട്വല്‍ത്ത് മാനും മലയാളികള്‍ അല്ലാത്ത ആളുകളും കാണും,’ ജീത്തു ജോസഫ് പറഞ്ഞു.

കഴിഞ്ഞ മെയ് 20നാണ് ട്വല്‍ത്ത് മാന്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ, അനു മോഹന്‍, രാഹുല്‍ മാധവ് തുടങ്ങിയ വലിയ താരനിര എത്തിയിരുന്നു.

മോഹന്‍ലാല്‍ തന്നെ നായകനാകുന്ന റാം, ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന കൂമന്‍ എന്നിവയാണ് ഇനി പുറത്ത് വരാനുള്ള ജീത്തു ജോസഫിന്റെ ചിത്രങ്ങള്‍.

Content Highlight: Jeethu Joseph says that Drishyam and Twelfth Man were small films and for him Memories is a thriller

We use cookies to give you the best possible experience. Learn more