| Tuesday, 24th May 2022, 2:06 pm

പുഴു പോലെയുള്ള സിനിമ ചെയ്യാന്‍ മമ്മൂട്ടി കാണിക്കുന്ന ഒരു അഭിനിവേശമുണ്ട്, അതാണ് അദ്ദേഹത്തിന്റെ മഹത്വം: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലര്‍ സബ്ജക്ടുകള്‍ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം വണ്‍, ദൃശ്യം ടു, മെമ്മറീസ് എന്നിങ്ങനെ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്.

ദൃശ്യത്തില്‍ നായകനായി ആദ്യം ജീത്തു മനസില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടി പിന്‍മാറിയതോടെ ജീത്തു മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. മമ്മൂട്ടിയുമായുള്ള ചിത്രം തന്റെ സ്വപ്‌നമാണെന്ന് പറയുകയാണ് അദ്ദേഹം.

പലരും എടുക്കാന്‍ മടിക്കുന്ന പുഴു പോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന് അഭിനയത്തോടുള്ള അഭിനിവേശമാണ് കാണിക്കുന്നതെന്നും ജീത്തു പറഞ്ഞു. ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ വലിയ എക്‌സ്പറ്റേഷനായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല.

അടുത്തിടെ ഇറങ്ങിയ പുഴു എന്ന സിനിമ, മറ്റുള്ളവര്‍ എടുക്കാന്‍ മടിക്കുന്ന സബ്ജക്ടുകളാണ് അദ്ദേഹം എടുക്കുന്നത്. അത് ഒരു ആക്ടറിന്റെ അടങ്ങാത്ത അഭിനിവേശമാണ്. ഒരു നല്ല ആക്ടറിനേ ആ അഭിനിവേശം ഉണ്ടാവൂ. അതാണ് അദ്ദേഹത്തിന്റെ മഹത്വം,’ ജീത്തു പറഞ്ഞു.

മോഹന്‍ലാലുമൊത്തുള്ള ബിഗ് ബജറ്റ് ചിത്രം റാം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും ജീത്തു പറഞ്ഞു.

‘റാമിന്റെ ലൊക്കേഷന്‍ നോക്കാന്‍ പോവുകയാണ്. ജൂലൈ പകുതിയാവുമ്പോള്‍ തുടങ്ങാമെന്നുള്ള പ്ലാനിലാണ് പോകുന്നത്. വിദേശത്ത് ഷൂട്ടാുള്ളതുകൊണ്ട് നമ്മുടെ കയ്യിലല്ല കാര്യങ്ങള്‍. റീലിസ് എന്നാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഈ വര്‍ഷം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വല്‍ത്ത് മാനാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ തുടങ്ങി വലിയ താരനിരയാണ് എത്തിയത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ മെയ് 20നാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlight: Jeethu Joseph says Mammootty has a passion for choosing films like puzhu

We use cookies to give you the best possible experience. Learn more