| Sunday, 20th November 2022, 7:31 pm

ആ സിനിമയുടെ ഴോണര്‍ എന്താണെന്ന് വലിയ നിരൂപകര്‍ക്ക് പോലും മനസിലായില്ല, അതെന്നെ ഞെട്ടിച്ചു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ മേഖലയില്‍ സസ്പെന്‍സ് ത്രില്ലറുകള്‍ക്ക് പേരുകേട്ട സംവിധായകനാണ് ജീത്തു ജോസഫ്.  സിനിമാ പ്രേക്ഷകരെ വളരെ ത്രില്ലടിപ്പിച്ച സിനിമയായ ദൃശ്യം ഒരു ത്രില്ലര്‍ പടമല്ലെന്ന് പറയുകയാണ് സംവിധായകന്‍.

2015ല്‍ പുറത്തിറങ്ങിയ ദൃശ്യം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. കുടുംബ പ്രേക്ഷകര്‍ അടക്കം സിനിമ ഏറ്റെടുത്തിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ക്ലബ്ബില്‍ കയറിയ സിനിമയായിരുന്നു ദൃശ്യം.

‘ദൃശ്യം ഒരു ത്രില്ലര്‍ സിനിമയല്ല. അതിനെ ഞാനൊരു ഫാമിലി ഡ്രാമയായിട്ടാണ് കാണുന്നത്. ത്രില്ലര്‍ എന്നു പറയുമ്പോള്‍ മെമ്മറീസ് ഒക്കെയാണ്. ഇതിനിടയില്‍ 12th Man ചെയ്തെങ്കിലും അതൊരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ്.  ഊഴം ആക്ഷന്‍ സിനിമയാണ്.

അങ്ങനെ നോക്കുമ്പോള്‍ മെമ്മറീസ് മാത്രമാണ് ത്രില്ലര്‍ സിനിമ. ദൃശ്യം 2വും ഒരിക്കലും ഒരു ത്രില്ലര്‍ സിനിമയല്ല. അങ്ങനെ തോന്നുന്നുണ്ടങ്കില്‍ അത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണ്. അവസാനം ആള്‍ക്കാര് പറഞ്ഞതിന് ഞാന്‍ വഴങ്ങിക്കൊടുത്തു. ദൃശ്യം ഒരു ഫാമിലി ത്രില്ലറാണെന്ന് സമ്മതിച്ചു,’ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

‘ത്രില്ലര്‍ സിനിമക്ക് പ്രത്യേകിച്ച് നിര്‍വചനമൊന്നുമില്ല. സിനിമയുടെ ഒരു പാറ്റേണ്‍ വെച്ചിട്ട് അതിനെ നിങ്ങള്‍ക്ക് നിര്‍വചിക്കാം. ഫാമിലിയും ഇമോഷനും കൂടിച്ചേരുന്ന സിനിമകള്‍ക്കപ്പുറം സീരിയല്‍ കില്ലറും മറ്റും വരുന്ന സിനിമകളാണ് ത്രില്ലര്‍ സിനിമകള്‍. അങ്ങനെയുള്ള സിനിമകള്‍ വേറേ മൂഡാണ്.

12th Man സിനിമയുടെ ഴോണര്‍ എന്താണെന്ന് കുറേ വലിയ നിരൂപകര്‍ക്ക് പോലും അത് മനസിലായില്ലായിരുന്നു. എനിക്കത് വലിയ സര്‍പ്രൈസായി. ഓരോരുത്തരും സിനിമയെ സ്വീകരിക്കുന്ന രീതിയിലെ വ്യത്യസം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്,’ ത്രില്ലര്‍ സിനിമകളെ എങ്ങനെ നിര്‍വചിക്കാം എന്ന ചോദ്യത്തിന് മറുപടിയായി ജീത്തു ജോസഫ് പറഞ്ഞു.

ആസിഫ് അലി നായകനായ കൂമനാണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം. രണ്‍ജി പണിക്കര്‍, ഹന്ന കോശി, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളാണ് കൂമന് ലഭിച്ചത്.

Content Highlight: Jeethu Joseph says even the great critics couldn’t figure out the genre of 12th Man

We use cookies to give you the best possible experience. Learn more