| Sunday, 30th October 2022, 8:07 am

ആ രണ്ട് സിനിമയുടെ കഥയും ആദ്യം പറഞ്ഞത് മമ്മൂക്കയോട്, അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യാന്‍ കഴിഞ്ഞില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ഇതുവരെ മമ്മൂട്ടിയുമായി സിനിമ ചെയ്യാത്തതിനെക്കുറിച്ച് പറയുകയാണ് ജീത്തു. പൃഥ്വിരാജ് നായകനായ മെമ്മറീസിന്റെയും മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെയും കഥ താന്‍ ആദ്യം കഥപറഞ്ഞത് മമ്മൂട്ടിയോടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്ക് സ്‌ക്രിപ്റ്റ് കണ്‍വിന്‍സിങ്ങ് ആകാത്തതുകൊണ്ടാണ് തനിക്ക് ഇതുവരെ അദ്ദേഹവുമായി സിനിമ ചെയ്യാന്‍ കഴിയാത്തതെന്നും തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ജീത്തു ജോസഫ് പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു.

”മമ്മൂക്കയുടെ അടുത്ത് ഞാന്‍ രണ്ട് സബ്ജക്ട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലായിരുന്നു. ഒന്ന് എല്ലാവര്‍ക്കുമറിയാം ദൃശ്യമായിരുന്നു. വേറെ ഒരു സ്‌ക്രിപ്റ്റ് ഞാന്‍ അദ്ദേഹത്തിന് കൊടുത്തപ്പോള്‍ അത് മമ്മൂക്കക്ക് അത്ര കണ്‍വിന്‍സിങ്ങ് ആയി തോന്നിയില്ല. മെമ്മറീസ് ആയിരുന്നു ആ സിനിമ.

ഒത്തിരി വര്‍ഷം മൂന്നേ ഉള്ള എന്റെ വലിയൊരു ആഗ്രഹമാണ്. കുറേ ആയി നടക്കാതെ ഇരിക്കുന്ന ആഗ്രഹമാണ്. ഒരു സിനിമ എങ്ങനെ എങ്കിലും അസോസിയേറ്റ് ചെയ്യണം. എനിക്ക് ആഗ്രഹം ഉണ്ടായത് കൊണ്ട് മാത്രം നടക്കില്ല. അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല അടുത്ത് തന്നെ ഒരെണ്ണം ചെയ്യണം,” ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം ആസിഫ് അലി നായകനായ കൂമനാണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണത്തിന്റെ പിന്നാലെയാണ് ചിത്രത്തിന്റെ കഥപോകുന്നത്. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിന് റിലീസ് ചെയ്യും.

content highlight:jeethu joseph said that memories and drishyam was first told to Mammooka

We use cookies to give you the best possible experience. Learn more