| Friday, 12th January 2018, 7:07 am

അപ്പുവിന് അപകടം പറ്റിയപ്പോള്‍ ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു; കുറച്ചു കഴിഞ്ഞാണ് നേരെ ചിന്തിക്കാന്‍ പോലും പറ്റിയത്; ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് ജീത്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രണവിന്റെ ആദ്യചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷോടെയാണ് ആരാധകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്.

നിരവധി ആക്ഷന്‍ സ്വീക്വന്‍സുകള്‍ ഉള്ള ചിത്രത്തില്‍ അപകടം പിടിച്ച നിരവധി രംഗങ്ങള്‍ ഡ്യൂപ്പിനെ വെക്കാതെയാണ് ചിത്രീകരിച്ചതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു. ഡ്യൂപ്പിനെ വെച്ച് ചെയ്യണമെന്ന് ലാല്‍ പറഞ്ഞെങ്കിലും അപ്പു അതിന് സമ്മതിച്ചില്ലെന്നും ജീത്തു പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്വന്തം സിനിമകളില്‍ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹന്‍ലാല്‍. എന്നാല്‍ ആദിയില്‍ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല.

ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാന്‍സില്‍ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്.

വലിയ രണ്ടു ചാട്ടങ്ങള്‍ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങള്‍ അപ്പു അനായാസം കൈകാര്യം ചെയ്തു.

ചിത്രത്തിനിടെ ഷൂട്ടിങ്ങിനിടെ പ്രണവിന് പറ്റിയ അപകടത്തെ കുറിച്ചും ജീത്തു മനസുതുറന്നു. “സത്യത്തില്‍ അതോര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ഞെട്ടലാണ്. അപ്പുവിന് അപകടം പറ്റി എന്നറിഞ്ഞപ്പോള്‍ ഞാനാകെ വല്ലാതായി. ഒരു ഗ്ലാസ് പൊട്ടിക്കുന്ന സീന്‍ എടുത്തപ്പോഴാണ് സംഭവം. ഷോട്ട് എടുത്തതിനു ശേഷം ഗ്ലൗസ് ഊരി നോക്കിയപ്പോള്‍ കൈ നന്നായി മുറിഞ്ഞിരിക്കുന്നു.

ഞാന്‍ ആശുപത്രിയില്‍ പോയി വരാമെന്നു പറഞ്ഞ് അപ്പു പോയി. പക്ഷേ ഞാന്‍ അപ്പോഴും ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞാണ് നേരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പോലും സാധിച്ചത്.

എന്നെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തമായിരുന്നു ഈ ചിത്രം. ലാലേട്ടന്‍ അപ്പുവിനെ എന്നെ ഏല്‍പിക്കുകയായിരുന്നു. അതിന്റെ ചെറിയ ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. സുചിച്ചേച്ചിക്ക് അത് അറിയാമായിരുന്നു. ചേച്ചി എന്നെ ഇടയ്ക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് എനിക്ക് ധൈര്യം തന്നിരുന്നു. ഒപ്പം ലാലേട്ടനും സിനിമയെക്കുറിച്ചും അപ്പുവിനെക്കുറിച്ചും ഏറെ ആകാംക്ഷയോടെ ചോദിക്കുമായിരുന്നു.” ജീത്തു പറയുന്നു.

പാര്‍ക്കൗര്‍ എന്ന ആക്ഷന്‍ രീതിയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ അതു മാത്രമല്ല ഈ സിനിമ. ഹോളിവുഡ് സിനിമകളിലൊക്കെ ഉപയോഗിച്ചിരിക്കുന്ന ഈ ആക്ഷന്‍ രീതി ആദിയിലും ഉണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയില്‍ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു”.- ജീത്തു പറയുന്നു.

ഒരു തുടക്കക്കാരന്റെ ചില്ലറ പ്രശ്‌നങ്ങളൊഴിച്ചാല്‍ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ട്. റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോഴാണല്ലോ ഡ്രൈവിങ്ങില്‍ കൂടുതല്‍ തെളിയുന്നത്. അതുപോലെ പ്രണവും വരും കാലങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടും.

അഭിനയം തന്റെ രക്തത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകുമെന്നും ജീത്തു പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more