പല ഓണ്‍ലൈന്‍ ചാനലുകളും നേര് സിനിമയുടെ കഥയാണെന്ന് പറഞ്ഞ് ഒരു വ്യക്തിയുടെ കഥ ആളുകളിലേക്ക് എത്തിക്കുന്നത് കാണാന്‍ ഇടയായെന്നും ഇത്തരം ആരോപണങ്ങളില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് പ്രേക്ഷകര്‍ സിനിമ കണ്ട് വിലയിരുത്തട്ടേയെന്നും സംവിധായകന്‍ ജീത്തു ജോസഫ്.
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
ഡിസംബര്‍ 21നാണ് നേര് തിയേറ്ററിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നും അതിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
എന്നാല്‍ പരാതിക്കാരന്റെ ഹരജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. പിന്നാലെ നേര് സിനിമയുടെ കഥയാണെന്ന് പറഞ്ഞ് പരാതിക്കാരന്റെ കഥ പലരും യൂട്യൂബിലൂടെയും മറ്റും പ്രചരിപ്പിച്ചിരുന്നു.
പ്രേക്ഷകര്‍ താന്‍ നല്‍കുന്ന വിശ്വാസം തനിക്ക് തിരിച്ചും നല്‍കുന്നുണ്ടെന്നും എല്ലാവര്‍ക്കും ഇഷ്ടപെടുന്ന ചിത്രം തന്നെയാവും നേരെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മോഹന്‍ലാല്‍, പ്രിയ മണി എന്നിവരാണ് നേര് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. സതീഷ് കുറുപ്പാണ് സിനിമയുടെ ഡി.ഒ.പി. ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Content Highlight: Jeethu Joseph Reacts To The Allegations Of Neru Movie