| Tuesday, 19th December 2023, 3:34 pm

എല്ലാവരും മമ്മൂട്ടിയുമായുള്ള ആ സിനിമയെ കുറിച്ചാണ് ചോദിക്കുന്നത്; തന്റെ മമ്മൂട്ടി ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സംവിധായകരില്‍ ത്രില്ലര്‍ സിനിമകള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപെട്ട സംവിധായകനാണ് ജീത്തു ജോസഫ്. മോഹന്‍ലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ദൃശ്യം സിനിമ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപി, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളെ നായകന്മാരാക്കി അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇനി മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നോട് എല്ലാവരും ഇതുതന്നെയാണ് ചോദിക്കുന്നതെന്നും അങ്ങനെ ഒരു സിനിമ തന്റെ ആലോചനയിലുണ്ടെന്നും ജീത്തു പറയുന്നു. ആ കഥ പൂര്‍ത്തിയായാല്‍ മാത്രമേ തനിക്ക് പറയാന്‍ കഴിയുകയുള്ളൂവെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും ഇതുതന്നെയാണ് ചോദിക്കുന്നത്. ഇനി എന്നാണ് മമ്മൂട്ടിയുമായി ഒരു സിനിമ വരുന്നത് എന്ന്. അങ്ങനെ ഒരു സിനിമ ആലോചനയിലുണ്ട്. ഇനി അത് ഒരു ഫോം ആക്കി എടുക്കണം. ആ കഥ ഒന്ന് ഫോം ആക്കി വന്നാലേ എനിക്ക് പറയാന്‍ കഴിയുകയുള്ളൂ. അതിന് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. അത് ഏത് ഴോണറില്‍ ആണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല,’ ജീത്തു ജോസഫ് പറഞ്ഞു.

അഭിമുഖത്തില്‍ ഏത് ഴോണറിലുള്ള സിനിമയാണ് ചെയ്യാന്‍ ആഗ്രഹമെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ തന്നെ മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി, മമ്മി ആന്‍ഡ് മി പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും എന്നാല്‍ ഴോണറുകള്‍ മാറി മാറി ചെയ്യനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

‘മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി, മമ്മി ആന്‍ഡ് മി പോലെയുള്ള സിനിമകളും ഇഷ്ടമാണ്. പക്ഷേ ഴോണറുകള്‍ മാറി മാറി ചെയ്യണം. ഒന്നില്‍ തന്നെ തുടര്‍ച്ചയായി നിന്നാല്‍ ബോറടിക്കും. മാറി മാറി ചെയ്യാന്‍ പറ്റണമെന്നേ എനിക്കുള്ളൂ.

സ്വാഭാവികമായും ഞാന്‍ ഒരു സ്റ്റോറി ടെല്ലറായിട്ടാണ് നില്‍ക്കുന്നത്. അതുകൊണ്ട് എനിക്ക് എല്ലാത്തരം സിനിമകളും ചെയ്യാന്‍ പറ്റണം. അതാണ് എന്റെ ആഗ്രഹം. ഇനി വരാനുള്ള സിനിമ അത്യാവശ്യം ചിരിക്കാന്‍ ഉള്ളതാണ്. അത് കഴിഞ്ഞിട്ടുള്ള സിനിമ ഏതാണെന്ന് തീരുമാനമായിട്ടില്ല. പക്ഷേ എന്തായാലും ഇടക്ക് ത്രില്ലര്‍ സിനിമകളും വരും,’ ജീത്തു ജോസഫ് പറയുന്നു.

content highlights: Jeethu Joseph on his Mammootty film

We use cookies to give you the best possible experience. Learn more