Entertainment news
ത്രില്ലറിന് വിട; ബേസിലുമായി പുതിയ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 19, 05:44 pm
Tuesday, 19th September 2023, 11:14 pm

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നുണക്കുഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ബേസില്‍ ജോസഫാണ്.

കൂമന്‍, ട്വല്‍ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ കെ ആര്‍ കൃഷ്ണകുമാറാണ് നുണക്കുഴിയുടെയും തിരക്കഥ. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഗ്രേസ് ആന്റണിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സരീഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്.

മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന നേരാണ് നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

മോഹന്‍ലാലുമായി ഒന്നിക്കുന്ന റാമിന് ഇനിയും 45 ദിവസത്തോളം ഷൂട്ടിങ് ബാക്കിയുണ്ടെന്നും, ത്രില്ലര്‍ അല്ലാതെ വേറെയും ഴോണര്‍ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

സതീഷ് കുറുപ്പാണ് നേരിന്റെ ഡി.ഒ.പി. നീതി തേടുന്നു (seeking justice) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.

Content Highlight: Jeethu joseph new movie announced