ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ട്വല്‍ത്ത് മാന്‍ റിലീസ് ചെയ്തിരിരിക്കുകയാണ്. ത്രില്ലര്‍ സ്വഭാവത്തിലെത്തിയ ചിത്രം പ്രധാനമായും ഒരു രാത്രിയില്‍ സംഭവിക്കുന്ന കഥയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
കോളേജ് കാലം മുതലേ ഒന്നിച്ചായിരുന്ന ഫ്രണ്ട്‌സും അവരുടെ ഫാമിലിയും കൂടി കൂട്ടത്തില്‍ കല്യാണം കഴിക്കാന്‍ പോകുന്നയാളുടെ ബാച്ചിലര്‍ പാര്‍ട്ടിക്കായി ഒരു റിസോര്‍ട്ടിലെത്തുന്നു. അവിടെ വെച്ച് നടക്കുന്ന കൊലപാതകവും അതിന്റെ ചുരുളഴിക്കുന്നതുമാണ് ചിത്രത്തിലൂടെ ജീത്തു ജോസഫ് പ്രേക്ഷകനെ കാണിച്ചു തരുന്നത്.
ത്രില്ലര്‍ സ്വഭാവത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന സംവിധായകനാണ് താന്‍ എന്ന് ട്വല്‍ത്ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ഇതുവരെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പകുതിയിലധികവും ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്നതാണ്.
ഇതില്‍ തന്നെ ദൃശ്യം വണ്‍, മെമ്മറീസ്, ദൃശ്യം ടു എന്നീ ചിത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. ദൃശ്യം ഒന്നും രണ്ടും തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കും ഡബ്ബ് ചെയ്തിട്ടുണ്ട്.
എന്തായാലും ട്വല്‍ത്ത് മാനിലൂടെ ത്രില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതിലെ തന്റെ വൈദഗ്ദ്യം വീണ്ടും തെളിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ത്രില്ലര്‍ ചിത്രങ്ങളുടെ കാര്യത്തില്‍ മിനിമം ഗ്യാരന്റി നല്‍കുന്ന സംവിധായകനാണ് താന്‍ എന്ന കാര്യം അദ്ദേഹം ഊട്ടി ഉറപ്പിക്കുന്നു. ട്വല്‍ത്ത് മാന്റെ ടീസറും ട്രെയ്‌ലറും പുറത്ത് വന്നപ്പോള്‍ തന്നെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
ട്രെയ്‌ലറില്‍ തന്നെ ഒരു റിസോര്‍ട്ടില്‍ നടക്കുന്ന കൊലപാതകമാണ് പ്ലോട്ടെന്ന സൂചനകള്‍ നല്‍കിയിരുന്നു. കൊല്ലപ്പെട്ടതാര്, കൊലയാളിയാര്, കൊലപാതകത്തിന് കാരണം എന്നീ ചോദ്യങ്ങള്‍ക്കായിരുന്നു പ്രേക്ഷകര്‍ക്ക് ഉത്തരം ലഭിക്കേണ്ടിയിരുന്നത്.
ഒറ്റ ദിവസം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പ്രധാനമായും പറയുന്നത്. ഒരു ലൊക്കേഷനില്‍ തന്നെ രണ്ടര മണിക്കൂര്‍ ബോര്‍ അടിപ്പിക്കാതെ, ത്രില്ലിംഗ് ആയി ചിത്രം ഒരുക്കിയിട്ടുണ്ട്.
പ്രധാനമായും 12 കഥാപാത്രങ്ങളുള്ള ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എല്ലാ അഭിനേതാക്കള്‍ക്കും ചിത്രത്തില്‍ പ്രാധാന്യം ലഭിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ മികച്ച ത്രില്ലര്‍ അനുഭവം തന്നെയാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, അനു മോഹന്‍, പ്രിയങ്ക, ഉണ്ണി മുകുന്ദന്‍, അനു സിത്താര, അനുശ്രീ, രാഹുല്‍ മാധവ്, സൈജു കുറുപ്പ് എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.
Content Highlight: Jeethu Joseph has once again proved that he is a director who can captivate the audience with his thriller movies