മലയാളം ഇന്‍ഡസ്ട്രിയുടെ നാഴികക്കല്ലുകളിലൊന്നായി മാറിയ ചിത്രമായിരുന്നു ദൃശ്യം. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രം അതുവരെ മലയാളത്തിലുണ്ടായിരുന്ന സകലമാന കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ് ഭാഷകളില്‍ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു.
എട്ട് വര്‍ഷത്തിന് ശേഷം റിലീസായ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയില്‍ ചര്‍ച്ചയായി. ദൃശ്യം എന്ന സിനിമയുടെ കഥ തന്നിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. സീരിയലുകള്‍ക്ക് കഥയെഴുതുന്ന കാലത്ത് തന്റെ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരുന്നപ്പോഴാണ് ആ കഥയുടെ ഐഡിയ തനിക്ക് കിട്ടിയതെന്ന് ജീത്തു പറഞ്ഞു.
കൂട്ടുകാരിലൊരാളുടെ പരിചയക്കാരന് ഒരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടെന്നും എന്നാല്‍ രണ്ട് വീട്ടുകാരും തമ്മില്‍ പ്രശ്‌നമാണെന്നും അയാള്‍ പറഞ്ഞെന്ന് ജീത്തു കൂട്ടിച്ചേര്‍ത്തു. രണ്ട് പേരുടെ ഭാഗത്തും ന്യായമുണ്ടെന്നും ആരുടെ കൂടെ നില്‍ക്കണമെന്ന കണ്‍ഫ്യൂഷനിലാണ് അയാളെന്ന് തന്നോട് പറഞ്ഞെന്നും ജീത്തു പറഞ്ഞു.
ആ ഒരു വാക്കില്‍ തനിക്ക് ദൃശ്യത്തിന്റെ സ്പാര്‍ക്ക് കിട്ടിയെന്നും രണ്ട് പേരുടെ ഭാഗത്തും ന്യായമുള്ളപ്പോള്‍ ഓഡിയന്‍സ് ആരുടെ കൂടെ നില്‍ക്കുമെന്നുള്ള ചിന്തയില്‍ ആ കഥ മനസിലിട്ടുകൊണ്ട് നടന്നെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്യാമറയുള്ള ഫോണുകളും അതുപയോഗിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളും വന്നപ്പോള്‍ ദൃശ്യത്തിന്റെ കഥ ഡെവലപ്പ് ചെയ്‌തെന്നും ജീത്തു പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.
‘ദൃശ്യത്തിന്റെ ബേസിക് ത്രെഡ് എനിക്ക് കിട്ടിയത് ഒരുപാട് കാലം മുമ്പാണ്. ഞാനന്ന് സീരിയലുകള്‍ക്ക് കഥയെഴുതുകയായിരുന്നു. ആ സമയത്ത് എന്റെ കുറച്ച് ഫ്രണ്ട്‌സിനോടൊപ്പം ഇരുന്ന് സംസാരിക്കുന്നതിന്റെ ഇടയില്‍ ഒരാള്‍ അയാളുടെ അവസ്ഥ പറഞ്ഞു. പുള്ളിയുടെ പരിചയക്കാരന് ഒരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ട്.
എന്നാല്‍ ആ പയ്യന്‍ എന്തൊക്കെയോ ചെയ്തു എന്ന് പറഞ്ഞിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ കേസ് കൊടുത്തു. അവസാനം പുള്ളി പറഞ്ഞത് ‘രണ്ട് പേരുടെയും ഭാഗത്ത് ന്യായമുണ്ട്. ആരുടെ കൂടെയാണ് നില്‍ക്കേണ്ടതെന്ന് അറിയില്ല’ എന്നായിരുന്നു. ദൃശ്യത്തിന്റെ ഫസ്റ്റ് സ്പാര്‍ക്ക് എനിക്ക് കിട്ടിയത് അപ്പോഴാണ്.
ആ ഇന്‍സിഡന്റ് ഞാന്‍ മനസിലിട്ട് ഡെവലപ്പ് ചെയ്തു. ഒരു കോര്‍ട്ട് റൂം ഡ്രാമയായിട്ടാണ് ആദ്യം ആലോചിച്ചത്. പക്ഷേ അത് വളരെ ഡ്രൈയായി തോന്നി. പിന്നീട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ക്രൈമുകള്‍ കൂടുതലായി വാര്‍ത്തകളില്‍ കാണാന്‍ തുടങ്ങി. പിന്നീട് അതിലേക്ക് ഒരു മര്‍ഡറൊക്കെ ചേര്‍ത്തപ്പോഴാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ ദൃശ്യം എന്ന സിനിമയായി മാറിയത്,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph explains how he got the basic thread of Drishyam movie