ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം നേര് തിയേറ്ററിൽ മികച്ച അഭിപ്രായവുമായി തകർത്തോടി കൊണ്ടിരിക്കുകയാണ്. ഒരു കോർട്ട് റൂം ഡ്രാമയായ ചിത്രത്തിന്റെ ഭൂരിഭാഗം പ്രേക്ഷകരും കുടുംബപ്രേക്ഷകരാണ്.
ചിത്രത്തിൽ നായിക ആക്രമിക്കപ്പെടുന്ന സീൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്നാൽ ഈ രംഗം എങ്ങനെ ചിത്രീകരിക്കുമെന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നുവെന്നും കുടുംബ പ്രേക്ഷകർ അതെങ്ങനെ സ്വീകരിക്കുമെന്ന പേടിയുമുണ്ടായിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു.
എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം കൂടുതലും ഫാമിലി ചിത്രം കാണുമ്പോൾ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ ജീത്തു പറഞ്ഞു.
‘പെൺകുട്ടിയെ ആക്രമിക്കുന്ന സീൻ എടുക്കാൻ ഒരുപാട് സമയമെടുത്തിരുന്നു. കാരണം ആ സീൻ ഫാമിലിയെ ഒരിക്കലും ബുദ്ധിമുട്ടിക്കാൻ പാടില്ല എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ഫാമിലിയായി വന്ന് സിനിമ കാണുമ്പോൾ ആ സീൻ കണ്ട് പ്രേക്ഷകർക്ക് പ്രയാസം ഉണ്ടാവരുത്. എന്നാൽ അത് കമ്മ്യൂണിക്കേറ്റ് ചെയ്യുകയും വേണം.
ആ കഥാപാത്രത്തിന്റെ ട്രോമയും ഇമോഷൻസും കമ്മ്യൂണിക്കേറ്റ് ചെയ്തേ പറ്റൂ. അത് ഭയങ്കര ടാസ്ക്ക് ആയിട്ടുള്ള ഒരു കാര്യമായിരുന്നു. ഞാൻ ആദ്യമായിട്ടാണ് അത്തരത്തിൽ ഒരു സീക്വൻസ് ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എങ്ങനെ ചെയ്യണം, എവിടെ ഷൂട്ട് ചെയ്യണം ഇത് മതിയോ ഓവറായി പോയാൽ പ്രേക്ഷകർക്ക് പ്രയാസമാവുമോ എന്നൊക്കെയുള്ള കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ.
പക്ഷെ എനിക്കേറ്റവും വലിയ സന്തോഷം, ഈ സിനിമ ഇന്ന് ഏറ്റവും കൂടുതൽ കാണുന്നത് കുടുംബ പ്രേക്ഷകരാണ്. അതിനകത്ത് ഇങ്ങനെയൊരു സീൻ ഉണ്ട് എന്നതിനെ കുറിച്ചൊന്നും ആരും കാര്യമാക്കുന്നില്ല.
കാരണം അത് അത്രയും വൃത്തിയായി ഞങ്ങൾ ചെയ്തു എന്നൊരു ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ഈ സിനിമയുടെ തുടക്കത്തിലുള്ള എന്റെ പേടി അതായിരുന്നു. എങ്ങനെ ഇത് കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന്. പക്ഷെ അത് കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ,’ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Describe About A Scene In Neru Movie