Mollywood
'എന്റെ സ്വന്തം കഥയാണ് ആദി, കോപ്പിയടി വിവാദങ്ങള്‍ വെറും തട്ടിപ്പ്; ആദിക്കുമേലുള്ള കോപ്പിയടിയാരോപണങ്ങള്‍ക്കെതിരെ ജീത്തുജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Feb 02, 12:45 pm
Friday, 2nd February 2018, 6:15 pm

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ആദി തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ചിത്രത്തിനെതിരെ കോപ്പിയടി വിവാദവുമായി തിരുവനന്തപുരം സ്വദേശിയായ തിരക്കഥാകൃത്ത് രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ കഥയാണ് ആദിയുടെ പ്രമേയമാക്കിമാറ്റിയിരിക്കുന്നതെന്നാണ് എഴുത്തുകാരനായ വി.എസ് ജയകുമാര്‍ പറയുന്നത്. “എന്റെ വീക്കെന്‍ഡ് പാര്‍ട്ടി” എന്ന പേരില്‍ 2011 ല്‍ പുറത്തിറക്കിയ കഥയാണ് ആദിയുടെ കഥാ പശ്ചാത്തലമെന്നാണ് ജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്.

2013 ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജപ്പാനീസ് ചലച്ചിത്ര സംവിധായകനായ റോട്ടോ നകാനോ ആണ് പുസ്തക പ്രകാശനം നടത്തിയത്. ചലച്ചിത്ര അക്കാദമിയുടെ പ്രോജക്ട് സ്പീച്ചില്‍ പുസ്തകം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അക്കാദമി വഴി ജീത്തു തട്ടിയെടുത്തതാണ് തന്റെ കഥയെന്നാണ് ജയകുമാര്‍ ആരോപിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് താന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെ മറുപടി. തന്റെ സ്വന്തം കഥയാണ് ആദി, ഇപ്പോഴുള്ള ആരോപണമൊന്നും തനിക്കറിയില്ല. കോളേജ് പഠനകാലത്ത് മനസ്സില്‍ കൂടിയ കഥയാണ് ആദിക്ക് പശ്ചാത്തലമായിരിക്കുന്നത്.

ആദി കോപ്പിയടിയാണെന്ന വിവാദവുമായി വന്നതാരാണെന്നോ അവരുടെ ഉദ്ദേശ്യമെന്താണെന്നോ അറിയില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. തന്റെ ചിത്രമായ ദൃശ്യം റിലീസാകുന്ന സമയത്തും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കേട്ടിടത്തോളം ആദിയുടെ പേരിലുണ്ടായിരിക്കുന്ന ഈ ആരോപണം ഒരു തട്ടിപ്പാണെന്നാണ് തോന്നുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.