| Thursday, 22nd August 2024, 5:06 pm

പ്രൊഡ്യൂസര്‍ വന്ന് അടുത്ത മാസം റാമിന്റെ ഷൂട്ട് തുടങ്ങാമെന്ന് പറഞ്ഞാലൊന്നും ശെരിയാവില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് റാം. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഇതുവരെയും ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. ആറോളം വിദേശരാജ്യങ്ങളില്‍ ഷൂട്ട് ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമയായിരുന്നു റാം. എന്നാല്‍ കൊവിഡ് കാരണം ഷൂട്ട് മുടങ്ങുകയും മോഹന്‍ലാലും ജീത്തുവും ഇതിനിടയില്‍ മൂന്ന് സിനിമകളില്‍ ഒന്നിക്കുകയും ചെയ്തു.

രണ്ട് ഭാഗങ്ങളിലായാണ് റാം ഒരുങ്ങുന്നത്. യു.കെ, മൊറോക്കോ, യു.എസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലായാണ് റാം പുരോഗമിക്കുന്നത്. തെന്നിന്ത്യന്‍ താരം തൃഷയാണ് റാമിലെ നായിക. ഇന്ദ്രജിത്, സംയുക്ത മേനോന്‍, ചന്തുനാഥ്, അനൂപ് മേനോന്‍, പ്രാചി തെഹ്ലാന്‍, സിദ്ദിഖ്, സായ് കുമാര്‍ തുടങ്ങി വന്‍ താരനിര റാമില്‍ അണിനിരക്കുന്നുണ്ട്. റാമിന്റെ ഷൂട്ട് വീണ്ടും തുടങ്ങുന്നതിനെപ്പറ്റി സംസാരിക്കുകയാണ് ജീത്തു ജോസഫ്.

നിര്‍മാതാവ് കുറച്ച് പ്രശ്‌നത്തിലാണെന്നും അധികം വൈകാതെ ഷൂട്ട് തുടങ്ങുമെന്ന് കരുതുന്നുവെന്നും ജീത്തു പറഞ്ഞു. എന്നാല്‍ അടുത്ത മാസം ഷൂട്ട് റീസ്റ്റാര്‍ട്ട് ചെയ്യാമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. വിദേശ ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യാനുള്ളതിനാല്‍ അവിടുത്തെ ക്ലൈമറ്റ് ശരിയാകുമ്പോള്‍ മാത്രമേ പോകാന്‍ പറ്റുള്ളൂവെന്നും മറ്റ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും കിട്ടണമെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘റാം ഷൂട്ട് എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. പ്രൊഡ്യൂസര്‍ വന്നിട്ട്, ‘അടുത്ത മാസം ഷൂട്ട് തുടങ്ങാം’ എന്ന് പറഞ്ഞാലൊന്നും നടക്കില്ല. കാരണം, ഫോറിന്‍ ലൊക്കേഷനിലേക്ക് പോകാനുള്ള പെര്‍മിറ്റ് കിട്ടണം, കഴിഞ്ഞ തവണ ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന അതേ ക്ലൈമറ്റിന്റെ സമയമായിരിക്കണം. അതുപോലെ ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് എല്ലാം കിട്ടണം. ഇതൊക്കെ വലിയ പണിയാണ്.

കൊവിഡിന്റെ സമയത്താണ് റാം ഒരു സിനിമയില്‍ ഒതുങ്ങില്ലെന്ന് മനസിലായത്. രണ്ട് സിനിമയാക്കാമെന്ന് ലാലേട്ടനോടും പ്രൊഡ്യൂസേഴ്‌സിനോടും പറഞ്ഞപ്പോള്‍ അവര്‍ക്കും ഓക്കെയായി. അന്നേ ഫസ്റ്റ് പാര്‍ട്ടെങ്കിലും കംപ്ലീറ്റ് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ അത് റിലീസ് ചെയ്യാമായിരുന്നു. ഇതിപ്പോള്‍ ഷൂട്ട് മുഴുവന്‍ തീര്‍ത്തിട്ടേ ഫസ്റ്റ് പാര്‍ട്ട് റിലീസ് ചെയ്യാന്‍ പറ്റുള്ളൂ എന്ന അവസ്ഥയായി,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about the release of Ram movie

We use cookies to give you the best possible experience. Learn more