| Saturday, 16th December 2023, 12:23 pm

കണ്ടിന്യുവിറ്റി മിസ്റ്റേക്ക് എന്നോട് പറയണ്ടെന്ന് കോസ്റ്റ്യൂം ഡിസൈനര്‍ പറഞ്ഞു, പ്രണവ് സമ്മതിച്ചില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൈഫ് ഓഫ് ജോസൂട്ടി ഷൂട്ടിനിടക്ക് പ്രണവ് മോഹന്‍ലാലിനൊപ്പം ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇടക്ക് കണ്ടിന്യുവിറ്റി മിസ്‌റ്റേക്ക് ഉണ്ടായപ്പോള്‍ അക്കാര്യം തന്നോട് പറയണ്ടെന്ന് തന്റെ പങ്കാളിയും കോസ്റ്റ്യൂം ഡിസൈനറുമായ ലിന്‍ഡ പറഞ്ഞെന്നും എന്നാല്‍ പ്രണവ് അതിന് സമ്മതിച്ചില്ലെന്നും ജീത്തു പറഞ്ഞു. നേര് എന്ന പുതിയ സിനിമയുടെ ഭാഗമായി ഓണ്‍ലൈന്‍ മീഡിയകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൈഫ് ഓഫ് ജോസൂട്ടിയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന സമയത്ത് എന്ത് ചെയ്താലും അതില്‍ പെര്‍ഫെക്ഷനിസ്റ്റാണ് പ്രണവ്. ഒരു സ്ഥലത്ത് കണ്ടിന്യുവിറ്റി മിസ്‌റ്റേക്ക് ഉണ്ടായി. കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നത് എന്റെ ഭാര്യ ലിന്‍ഡയാണ്. അത് ചേട്ടനോട് പറയണ്ടേ എന്ന് ലിന്‍ഡ പറഞ്ഞു. മിണ്ടണ്ട, ചിലപ്പോള്‍ അത് കാണാതെ കടന്നുപോകില്ലേ എന്ന് പറഞ്ഞു. ഇല്ലില്ല, അങ്ങനെ ചെയ്യാന്‍ പാടില്ല, പറയണം എന്ന് പ്രണവ് പറഞ്ഞു. ഈ ചര്‍ച്ചക്കിടയിലേക്കാണ് ഞാന്‍ കേറി ചെല്ലുന്നത്. പുള്ളിക്ക് അതെല്ലാം കറക്ടായി പോകണം. അതെല്ലാം ശരിയായി ഇരിക്കണം.

ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് പ്രണവിന് ആഗ്രഹമില്ല. പക്ഷേ ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്നുണ്ട്. ആദി ചെയ്യുന്ന സമയത്താണെങ്കിലും ഗിറ്റാര്‍ വായിക്കുന്ന സമയത്ത് മ്യൂസിക് ഡയറക്ടറിന്റെ കൂടെ വന്നിരുന്ന് അത് പഠിച്ചു. പെര്‍ഫെക്ഷന് വേണ്ടി എഫേര്‍ട്ട് ഇടുന്ന ആളാണ്. ഒരു ബുക്ക് എഴുതാന്‍ ആഗ്രഹമുണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു.

ലൈഫ് ഓഫ് ജോസൂട്ടി ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എനിക്ക് ഒരു ബുക്ക് എഴുതണം അതിന് കുറച്ച് പൈസ വേണമെന്ന് എന്നോട് പറഞ്ഞു. ലാല്‍ സാറിനോട് ചോദിച്ചൂടേയെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയല്ല, എനിക്ക് എന്റേതായ രീതിയില്‍ അധ്വാനിച്ച് പൈസ ഉണ്ടാക്കണമെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് ഭയങ്കര ബഹുമാനം തോന്നി,’ ജീത്തു ജോസഫ് പറഞ്ഞു.

ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്. മോഹന്‍ലാലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രിയ മണി, സിദ്ദീഖ്, അനശ്വര രാജന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. നേരിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.

Content Highlight: Jeethu Joseph about the perfectionism of Pranav Mohanlal

We use cookies to give you the best possible experience. Learn more