| Thursday, 15th August 2024, 9:18 pm

ആ മോഹന്‍ലാല്‍ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതില്‍ നിരാശ തോന്നുന്നുണ്ട്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവ് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെങ്കിലും മികച്ച ത്രില്ലറായിരുന്നു. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി മെമ്മറീസ് ചെയ്ത ജീത്തു ജോസഫ് മോഹന്‍ലാലിനെ വെച്ച് ചെയ്ത ദൃശ്യം ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് വന്‍ വിജയമായി മാറി.

ഏഴ് വര്‍ഷത്തിന് ചിത്രത്തിന് രണ്ടാം ഭാഗം ജീത്തു ഒരുക്കുകയും വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഒ.ടി.ടി റിലീസായാണ് ദൃശ്യം 2 എത്തിയത്. ആദ്യഭാഗത്തെപ്പോലെ രണ്ടാം ഭാഗവും തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പ് തിയേറ്റര്‍ റിലീസാവുകയും ആ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം ഭാഗം തിയേറ്റിലിറക്കാന്‍ താനും ആന്റണി പെരുമ്പാവൂരും പരമാവധി ശ്രമിച്ചുവെന്നും കൊവിഡ് നിയന്ത്രണം കാരണം അതിന് സാധിക്കാത്തതുകൊണ്ടാണ് ഒ.ടി.ടി റിലീസ് ചെയ്യേണ്ടി വന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.

മരക്കാര്‍ പോലൊരു വലിയ സിനിമ ഹോള്‍ഡ് ചെയ്യേണ്ടി വന്നതുകൊണ്ടാണ് ദൃശ്യം 2 ആമസോണിന് കൊടുത്തതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. ഒ.ടി.ടി റിലീസിന് ശേഷം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് തനിക്ക് പ്രശംസ ലഭിച്ചെന്നും തിയേറ്റര്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകില്ലെന്നും ജീത്തു പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.

‘ദൃശ്യം 2 അവസാനനിമിഷം വരെ തിയേറ്ററിലെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. ആന്റണിയുടെ കൈയില്‍ മരക്കാര്‍ പോലെ വലിയൊരു സിനിമകൂടി ആ സമയത്ത് ഉണ്ടായിരുന്നു. ദൃശ്യം എന്ന് തിയേറ്ററിലെത്തിക്കാന്‍ പറ്റുമെന്ന് യാതൊരു ഐഡിയയും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഗള്‍ഫിലെല്ലാം തിയേറ്ററുകള്‍ വീണ്ടും അടക്കുന്നു എന്ന സ്ഥിതി വന്നു. ആ സമയത്താണ് ആന്റണി വിളിച്ചിട്ട് ‘ആമസോണില്‍ നിന്ന് നല്ലൊരു ഓഫറുണ്ട്. നമുക്കിത് ഒ.ടി.ടിയില്‍ ഇറക്കാം’ എന്ന് പറഞ്ഞു.

ഒ.ടി.ടിയില്‍ ഇറക്കിയാല്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് യാതൊരു ഐഡിയയുമില്ലായിരുന്നു. സിനിമ സ്ട്രീം ചെയ്തതിന്റെ പിറ്റേദിവസം എന്റെ ഫോണിലേക്ക് 600ലധികം മെസേജുകളാണ് വന്നത്. ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന ആളുകള്‍ അഭിനന്ദനം അറിയിച്ച് വിളിച്ചതാണ്. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ എനിക്കത് സന്തോഷം നല്‍കി. പക്ഷേ ഒരു സിനിമാപ്രേമിയെന്ന നിലയില്‍ ദൃശ്യം 2 തിയേറ്ററില്‍ കാണാന്‍ പറ്റാത്തതില്‍ നിരാശയുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about the OTT release of Drishyam 2

We use cookies to give you the best possible experience. Learn more