| Sunday, 17th December 2023, 5:43 pm

ദൃശ്യം 2ല്‍ ചിലര്‍ ചൂണ്ടിക്കാണിച്ച തെറ്റ് അതായിരുന്നു, എന്നാല്‍ സിനിമയില്‍ കാണിച്ചത് സത്യമാണ്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 2 സിനിമക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. എല്ല് ചാക്കിലാക്കി കൊണ്ടുപോയതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അങ്ങനെ തന്നെയാണ് ചെയ്യുന്നതെന്നും ജീത്തു പറഞ്ഞു. തനിക്ക് അത് പറയാന്‍ നിവൃത്തിയില്ലെന്നും ജീത്തു പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൃശ്യം 2വില്‍ പറഞ്ഞ ഒരു വലിയ പ്രശ്‌നമായിരുന്നു എല്ലുകളെല്ലാം ചാക്കിലാക്കി കൊണ്ടുപോയത്. യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണ്. ഞാനത് പോയി ചോദിച്ച് മനസിലാക്കിയിട്ടാണ് ചെയ്തത്. കാര്‍ഡ്‌ബോര്‍ഡിലോ ചാക്കിലോ ആണ് കൊണ്ടുപോകുന്നത്. പക്ഷേ ഞാനത് എവിടെ പോയി പറയും. ഇങ്ങനെയാണ് നടക്കുന്നതെന്ന് പറയാന്‍ നിവൃത്തിയില്ല. ആളുകള്‍ക്ക് അത് പ്രശ്‌നമായി തോന്നും. അത് പിന്നീട് എങ്ങനെയെങ്കിലും കണ്ടുപിടിക്കുക. അത്രേയുള്ളൂ,’ ജീത്തു ജോസഫ് പറഞ്ഞു.

മോഹന്‍ലാലിനൊപ്പമുണ്ടായ രസകരമായ അനുഭവവും ജീത്തു അഭിമുഖത്തില്‍ വെച്ച് പങ്കുവെച്ചു. ‘ക്യാമറാമാന്‍ സതീഷ്‌കുറുപ്പ് എനിക്ക് പറഞ്ഞുതന്ന ഒരു അനുഭവമുണ്ട്. ഒരിക്കല്‍ ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അതില്‍ ഗണ്‍ ഷോട്ടൊക്കെയുണ്ട്. റിവോള്‍വറാണ്, അതില്‍ എട്ട് ബുള്ളറ്റേയുള്ളൂ. കുറേ തവണ വെടിവെച്ചതിന് ശേഷം ഇതിലെ ഉണ്ട തീരുന്നില്ലേ എന്ന് ലാല്‍ സാര്‍ ചോദിച്ചു. സതീഷ് എന്റെ അടുത്ത് വന്നിട്ട് മോനേ ഇത് ഉണ്ട തീരാത്ത തോക്കാണോ എന്ന് ചോദിച്ചിട്ട് നടന്നുപോയി,’ ജീത്തു ജോസഫ് പറഞ്ഞു.

നേരാണ് ഇനി റിലീസിന് ഒരുങ്ങുന്ന ജീത്തു ജോസഫ് ചിത്രം. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഡിസംബര്‍ 21നാണ് റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. നേരിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.

Content Highlight: Jeethu Joseph about the criticized scene in dhrishyam 2

Latest Stories

We use cookies to give you the best possible experience. Learn more