| Wednesday, 25th May 2022, 5:34 pm

ട്വല്‍ത്ത് മാനില്‍ ആദ്യം ലാലേട്ടന്റെ കഥാപാത്രം ഇങ്ങനെയല്ലായിരുന്നു, കൊലപാതകിയെന്ന് സംശയിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ അദ്ദേഹവുമുണ്ടായിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. ചിത്രം ഒരു ക്ലൈം ത്രില്ലറാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ പ്രതീക്ഷകള്‍ ഏറി. മെയ് 20തിന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലെത്തിയ ചിത്രം മികച്ച ഒരു ക്രൈം ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്.

ഒരു റിസോര്‍ട്ടില്‍ നടക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ എത്തുന്ന പൊലീസ് ഓഫീസറായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ചന്ദ്രശേഖര്‍ വരുന്നത്. ആദ്യഭാഗത്തെ മാനറിസങ്ങളില്‍ നിന്നും കലപാതകം നടന്നതിന് ശേഷം മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ഒരു ട്രാന്‍സിഷന്‍ സംഭവിക്കുന്നുണ്ടായിരുന്നു.

ട്വല്‍ത്ത് മാന്‍ സിനിമ സംഭവിച്ചതിനെ പറ്റി സംസാരിക്കുകയാണ് ജീത്തു ജോസഫ്. കൊലപാതകത്തിന് ശേഷം വരുന്ന പൊലീസ് ഓഫീസറായിട്ടാണ് ആദ്യം മോഹന്‍ലാലിനെ ആലോചിച്ചതെന്നും പിന്നെ അദ്ദേഹത്തിന് സ്‌ക്രീന്‍ സ്‌പേസ് വേണമെന്ന ചിന്തയില്‍ നിന്നുമാണ് ഇപ്പോഴത്തെ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിലേക്ക് വന്നതെന്നും ജീത്തു പറഞ്ഞു. ഫില്‍മിബീറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ പ്രതികരണം.

‘ട്വല്‍ത്ത് മാനെ പറ്റിയുള്ള ചിന്തകള്‍ തുടങ്ങുന്നത് രണ്ടുമൂന്ന് വര്‍ഷം മുമ്പേയാണ്. കൃഷ്ണ കുമാര്‍ അതിന്റെ കഥയെഴുതി കാണിച്ചു, ഞങ്ങള്‍ അതില്‍ ഇങ്ങനെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് കൊവിഡ് വന്നത്. ഞാന്‍ ദൃശ്യം രണ്ടാം ഭാഗം ചെയ്തുകൊണ്ടിരിക്കുകയാണ് അപ്പോള്‍.

ആ സമയത്ത് ആന്റണി എന്നോട് ചോദിക്കുന്നു അണ്ണാ ചെറിയ സബ്ജക്റ്റ് വെല്ലോമുണ്ടേല്‍ പറ, പാന്‍ഡമികിന്റെ സമയത്ത് ചെയ്യാം, പ്രത്യേകിച്ചും ഇനി ഒ.ടി.ടിയെ പറ്റുകയുള്ളൂവെന്ന്. അപ്പോഴാണ് ഞാന്‍ ഈ ആശയം അവതരിപ്പിക്കുന്നത്.

ആദ്യം ഈ കേസ് കണ്ടു പിടിക്കുന്നത് അന്വേഷിക്കാന്‍ വരുന്ന പൊലീസ് ഓഫീസറാണ്. ആ പൊലീസ് ഓഫീസറായിരുന്നു ലാലേട്ടന്‍. ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍ കൊള്ളാല്ലോ ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ പൊലീസ് ഓഫീസറായിട്ട് വരുന്ന ലാലേട്ടന് സ്‌ക്രീന്‍ സ്‌പേസ് കിട്ടുന്നില്ല അല്ലെങ്കില്‍ അദ്ദേഹത്തെ എക്‌സ്‌പ്ലോയ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്ന് തോന്നി.

അങ്ങനെ ലാലേട്ടനെ എങ്ങനെ അവതരിപ്പിക്കും എന്ന ചര്‍ച്ചയില്‍ നിന്നാണ് ഇപ്പോഴത്തെ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിലേക്ക് എത്തുന്നത്. അങ്ങനെ വന്നപ്പോള്‍ ആ കഥാപാത്രത്തിനും ഒരു ദുരൂഹത വന്നു. ചന്ദ്രശേഖറും കൊലപാതകി എന്ന് സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിലേക്ക് വന്നു,’ ജീത്തു ജോസഫ് പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന റാം എന്ന ബിഗ് ബജറ്റ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായിക. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന കൂമനാണ് ഇനി പുറത്ത് വരാനിരിക്കുന്ന ജീത്തു ജോസഫിന്റെ മറ്റൊരു ചിത്രം.

Content Highlight: jeethu joseph about the character change of mohanlal in twelth man

We use cookies to give you the best possible experience. Learn more