Entertainment news
ആറ് പാട്ടൊക്കെയുള്ള സാധാരണ തമിഴ് പടങ്ങളില്‍ കാണാറുള്ള ഒരു മാസല്ല ഇത്; റാം ഒരു റിയലിസ്റ്റിക് ആക്ഷന്‍ ത്രില്ലര്‍: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 05, 10:02 am
Thursday, 5th May 2022, 3:32 pm

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മാസ് ചിത്രം റാം അണിയറയിലൊരുങ്ങുകയാണ്. വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് മേല്‍ സിനിമാ പ്രേമികള്‍ക്കുള്ളത്.

കൊവിഡ് പ്രതിസന്ധികള്‍ കാരണമായിരുന്നു നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാറ്റിവെച്ചത്.

സിനിമാ സഞ്ചാരി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ ഒരു പഴയ പ്രതികരണത്തില്‍ ജീത്തു ജോസഫ് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൊവിഡ് സമയത്ത് റാമിന്റെ ഷൂട്ടിങ്ങ് മാറ്റി വെച്ചപ്പോള്‍ നല്‍കിയ പ്രതികരണമാണിത്.

”റാം മാറ്റി വെച്ചതിന് കാരണം അതൊരു ബിഗ് ബജറ്റ് സിനിമയാണ്. തിയേറ്ററില്‍ തന്നെ കാണിക്കേണ്ടതാണ്.

ഞങ്ങള്‍ അത് പകുതി ഷൂട്ട് ചെയ്ത് വെച്ചിരിക്കുകയാണ്. ബാക്കി പകുതി കൂടെ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് കയ്യില്‍ പിടിച്ചുവെച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് തിയേറ്റര്‍ ലൈവായി വരുമ്പോഴേക്കും അത് തുടരാം എന്ന പ്ലാനിലാണ്.

റാം ഒരു ആക്ഷന്‍ മാസ് സിനിമയാണ്. എങ്ങനെയുള്ള ലാലേട്ടനായിരിക്കും ആ സിനിമയിലുണ്ടാകുക എന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അങ്ങനെ വലിയ വ്യത്യാസമൊന്നുമില്ല.

ഒരു മാസ് സിനിമ എന്ന് പറഞ്ഞാല്‍ ഉടനെ, സാധാരണ തമിഴ് പടങ്ങളില്‍ കാണാറുള്ള, ആറ് പാട്ടൊക്കെയുള്ള ഒരു മാസല്ല. റിയലിസ്റ്റിക് രീതിയിലുള്ള ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് റാം,” ജീത്തു ജോസഫ് പറഞ്ഞു.

ചിത്രത്തില്‍ തൃഷ, ദുര്‍ഗ കൃഷ്ണ, പ്രാചി തെഹ്‌ലാന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

അതേസമയം, ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാല്‍- ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ട്വല്‍ത് മാന്‍ മെയ് 20ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

ഒ.ടി.ടിയിലാണ് ട്വല്‍ത് മാന്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Jeethu Joseph about Ram Movie with Mohanlal