| Saturday, 23rd December 2023, 12:21 pm

പ്രണവിന്റെ ക്യാരക്ടർ അങ്ങനെയൊന്നുമല്ല; ഞാൻ പറഞ്ഞെന്ന് കരുതി അവനൊന്നും ചെയ്യുകയില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹൻലാൽ തനിക്ക് അനിയനെപോലെയാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. തനിക്ക് പ്രണവിന്റെ സ്വഭാവം ഭയങ്കര ഇഷ്ടമാണെന്നും ജീത്തു പറയുന്നുണ്ട്. ആദി സിനിമയിലൂടെ പ്രണവ് അഭിനയ രംഗത്തേക്ക് വന്നെങ്കിലും ഒരുപാട് പോളിഷ്ഡാവാനുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് അവൻ എന്റെ അനിയനെപോലെയാണ്. എനിക്ക് അവന്റെ ക്യാരക്ടർ ഭയങ്കര ഇഷ്ടമാണ്. മോഹൻലാലിന്റെ മകനാണെങ്കിലും അദ്ദേഹം നടക്കുന്നതെല്ലാം വ്യത്യസ്തമായാണ്. അതുകൊണ്ടാണ് എന്റെ കൂടെ ലൈഫ് ഓഫ് ജോസൂട്ടിയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയത്. എനിക്ക് അവനോട് റെസ്പെക്ട് ഉണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം അവൻ എനിക്ക് ഒരു അനിയനെ പോലെയാണ്. ആദി എന്ന സിനിമയിലൂടെ അവൻ അഭിനയരംഗത്തേക്ക് വന്നു. അയാളെ ഇനിയും ഒത്തിരി പോളിഷ്ഡായിട്ട് വരാനുണ്ട്. ഹൃദയത്തിൽ അവൻ ഒത്തിരി ഇംപ്രൂവ് ചെയ്തു. ഇനിയും ഒരുപാട് ഇംപ്രൂവ് ചെയ്ത് ഒരു സീസൺ ആക്ടർ ആയി മാറും.

അങ്ങനെയാണ് എല്ലാ നടന്മാരും വന്നത്. ലാൽ സാർ ആണെങ്കിലും മമ്മൂക്ക ആണെങ്കിലും എല്ലാവരും അങ്ങനെയല്ലേ. പഴയകാലത്ത് നിന്ന് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്തും കൂടെ അഭിനയിക്കുന്നവരിൽ നിന്നും പലതും കണ്ടു മനസിലാക്കി അതിൽ താത്പര്യം ഉള്ളവർ ഇംപ്രൂവ് ചെയ്ത് കൊണ്ട് വരും. ഇതിന്റെ ഫെയ്മിലും ലൈം ലൈറ്റിന്റെ അകത്തും വേറെ പല കാര്യങ്ങളിലും പോയി നശിച്ചു പോകുന്നവരും ഉണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.

പ്രണവിനോട് യാത്ര ചെയ്യുന്നതിന്റെ കൂടെ ഒരു പടം ചെയ്തിട്ട് പോകണമെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. അത് പ്രണവിന്റെ ജീവിതത്തിൽ ലൈഫ് ചെയ്ഞ്ചിങ് ആയിട്ടുണ്ടോ എന്ന ചോദ്യത്തിന് താൻ പറഞ്ഞത് കൊണ്ടൊന്നും പ്രണവ് അങ്ങനെ ചെയ്യുകയില്ല എന്നായിരുന്നു ജീത്തു ജോസഫിന്റെ മറുപടി.

‘ഞാൻ പറഞ്ഞെന്ന് കരുതി അവൻ ഒന്നും ചെയ്യുകയില്ല. അവന് വ്യക്തമായ ധാരണയുണ്ട് എന്തൊക്കെ ചെയ്യണം എന്ന്. തന്റെ ഇഷ്ടങ്ങളും പ്രയോരിറ്റിയും അനുസരിച്ച് തന്നെയാണ് അവന്റെ ലൈഫ് കൊണ്ടുപോകുന്നത്. അത് അവന്റെ ഹാപ്പിനെസ്സ് ആണ്. അത് അവൻ ചെയ്യട്ടെ. ഞാനെന്റെ സൈഡിൽ നിന്ന് അങ്ങനെ പറഞ്ഞു. അതുകൊണ്ട് ചെയ്യണമെന്ന് നിർബന്ധമില്ല. പ്രണവിന്റെ ക്യാരക്ടർ അങ്ങനെയൊന്നുമല്ല. ഞാൻ പറഞ്ഞത് ചിലപ്പോൾ കേട്ട് കാണും, മനസിന്റെ ഒരു കോണിൽ വെച്ചിട്ടുണ്ടാകും, അത്രയേ ഉള്ളൂ,’ ജീത്തു ജോസഫ് പറഞ്ഞു

Content Highlight: Jeethu joseph about pranav mohanlal

We use cookies to give you the best possible experience. Learn more