ആളുകളോടുള്ള മോഹൻലാലിന്റെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാൽ എല്ലാവരോടും ബഹുമാനമുള്ള ഒരാളാണെന്നും തങ്ങൾക്കൊന്നും അങ്ങനെ ആവാൻ കഴിയില്ലെന്നും ജീത്തു പറഞ്ഞു. മോഹൻലാലിന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ മറ്റുള്ളവരെ കഴിപ്പിക്കുന്നതാണ് ഇഷ്ടമെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്. തങ്ങൾ ഒരുമിച്ച് ഹോം തിയേറ്ററിൽ പടം കണ്ടപ്പോഴുള്ള അനുഭവവും ജീത്തു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാലേട്ടൻ എല്ലാവരെയും റെസ്പെക്ട് ചെയ്യുന്ന ഒരാളാണ്. നമ്മൾ പുള്ളിയുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരിക്കണം. പുള്ളി കഴിക്കുന്നതിനേക്കാൾ കൂടുതൽ മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ട്ടം. നമുക്കൊന്നും അങ്ങനെ ആകാൻ പറ്റത്തില്ല.
ഞങ്ങൾ ഹോം തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. അവിടെ ആറ് നല്ല സീറ്റേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ പത്ത് പതിനഞ്ചുപേരുണ്ട്. അദ്ദേഹത്തിന് ആയിട്ട് ഞാൻ അവിടെ ഒരു സീറ്റ് ഒഴിച്ച് വെച്ചിരുന്നു. അതിനുശേഷം കുറെ കസേരയും ബീൻ ബാഗൊക്കെ ഇട്ടു. അദ്ദേഹം വന്നിട്ട് സാധാരണ ഒരു കസേര കൊണ്ടിട്ടിട്ട് ‘ഞാൻ ഇവിടെയാണ് ഇരിക്കുന്നത്’ എന്ന് പറഞ്ഞു.
എന്നിട്ട് ബാക്കിയെല്ലാവരും ഇരുന്നു കഴിഞ്ഞപ്പോൾ ഞാൻ ആ സീറ്റ് മാത്രം ഒഴിച്ച് വെച്ചിരുന്നു. അവസാനം ഞാൻ സാധാരണ കസേരയിൽ ഇരിക്കാൻ സമ്മതിക്കില്ല എന്ന് മനസിലായപ്പോൾ ലാലേട്ടൻ ഒഴിച്ചിട്ട സീറ്റിൽ തന്നെ വന്നിരുന്നു. പ്രായത്തിന് മുതിർന്ന ആൾക്കാരാണെങ്കിലും അല്ലാത്തവരെ ആണെങ്കിലും ഭയങ്കര ബഹുമാനമാണ്. പ്രായത്തിന് മുതിരണമെന്നൊന്നുമില്ല, എല്ലാവരെയും നല്ല സ്നേഹവും ബഹുമാനവും ആണ്. പുള്ളിയുടെ ക്യാരക്ടർ അങ്ങനെയാണ്,’ ജീത്തു ജോസഫ് പറഞ്ഞു.
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമാണ് നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സതീഷ് കുറുപ്പാണ് സിനിമയുടെ ഡി.ഒ.പി. പ്രിയാമണി, ജഗദീഷ്, സിദ്ധീഖ്,അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Content Highlight: Jeethu joseph about Mohanlal character