പരാജയപ്പെട്ട സംവിധായകര്‍ക്കും ഡേറ്റ് കൊടുക്കുന്നയാളാണ് ലാല്‍ സാര്‍, കഥ നല്ലതാണോയെന്ന് മാത്രമാണ് അദ്ദേഹം നോക്കുക: ജീത്തു ജോസഫ്
Entertainment news
പരാജയപ്പെട്ട സംവിധായകര്‍ക്കും ഡേറ്റ് കൊടുക്കുന്നയാളാണ് ലാല്‍ സാര്‍, കഥ നല്ലതാണോയെന്ന് മാത്രമാണ് അദ്ദേഹം നോക്കുക: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th November 2022, 8:36 pm

ത്രില്ലര്‍ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകനാണ് ജീത്തു ജോസഫ്. ഡിക്ടറ്റീവ് എന്ന ചിത്രമാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം പ്രേക്ഷകര്‍ കൂടുതലും ജീത്തു ജോസഫില്‍ നിന്നും പ്രതീക്ഷിക്കുന്നത് സസ്പെന്‍സ് ത്രില്ലര്‍ സിനിമകളാണ്.

മോഹന്‍ലാലിനൊപ്പമാണ് അദ്ദേഹം കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. ദൃശ്യം, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കിയ ചിത്രങ്ങളാണ്. ജീത്തു തന്നെ സംവിധാനം ചെയ്യുന്ന മോഹന്‍ലാലും തൃഷയുമൊന്നിക്കുന്ന റാമും ഇപ്പോള്‍ അണിയറയിലാണ്.

തന്റെ കൂടെ മോഹന്‍ലാല്‍ തുടരെ സിനിമകള്‍ ചെയ്യാനുള്ള കാരണം ഹിറ്റുകള്‍ മാത്രം ചെയ്യുന്നത് കൊണ്ടല്ലെന്നും അദ്ദേഹം പരാജയപ്പെട്ട സംവിധായകര്‍ക്കും അവസരം കൊടുക്കാറുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് ജീത്തു പറഞ്ഞത്.

”ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് കൊണ്ടല്ല ലാല്‍ സാര്‍ എന്റെ കൂടെ സിനിമ ചെയ്യുന്നത്. അദ്ദേഹം ഹിറ്റാകുന്ന സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല. പരാജയപ്പെട്ട സിനിമകള്‍ ചെയ്ത സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് കൊടുത്തിട്ടുണ്ട്.

ബോക്‌സ് ഓഫീസില്‍ ഹിറ്റായില്ലെങ്കിലും സിനിമയുടെ കഥ നല്ലതാണെന്ന് കണ്ടാല്‍ അദ്ദേഹം അത് ചെയ്യും. എന്റെ കൂടെ മാത്രമല്ല ഒരുപാട് സംവിധായകരുടെ കൂടെ തുടരെ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ അടുത്ത ചിത്രമാണ് റാം. റിയലിസ്റ്റിക് ഫൈറ്റ് വെച്ചുള്ള ആക്ഷന്‍ സിനിമയാണ് റാം.

നല്ല സിനിമയാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ലാല്‍ സാര്‍ എന്റെ കൂടെ സിനിമ ചെയ്യുന്നത്. ബേസിക്കലി കഥ നല്ലതാവുമെന്നും നമ്മള്‍ നന്നായി ചെയ്യുമെന്ന വിശ്വാസം അദ്ദേഹത്തിന് ഉണ്ട്,” ജീത്തു ജോസഫ് പറഞ്ഞു.

ആസിഫ് അലി നായകനായ കൂമനാണ് ജീത്തുവിന്റെ പുതിയ സിനിമ. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണത്തിന്റെ പിന്നാലെയാണ് ചിത്രത്തിന്റെ കഥപോകുന്നത്. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിനാണ് റിലീസ് ചെയ്യ്തത്.

content highlight: jeethu joseph about mohanlal