| Wednesday, 25th September 2024, 11:07 am

ഒരു സീരിയല്‍ കില്ലറിനെപ്പറ്റി സിനിമ ചെയ്യണമെന്ന് തോന്നിയത് ആ സമയത്തായിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2007ല്‍ റിലീസായ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെച്ചയാളാണ് ജീത്തു ജോസഫ്. ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയപ്പോള്‍ ജീത്തു തന്റെ ട്രാക്ക് മാറ്റിപ്പിടിക്കുകയായിരുന്നു. മമ്മി ആന്‍ഡ് മി, മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മെമ്മറീസിലൂടെ ജീത്തു വീണ്ടും ത്രില്ലര്‍ ട്രാക്കിലേക്കെത്തി.

മെമ്മറീസിന് ശേഷം ചെയ്ത ദൃശ്യം മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. സീരിയല്‍ കില്ലിങ്ങും അതിന്റെ അന്വേഷണവും എന്ന രീതിയില്‍ വന്ന മെമ്മറീസ് മലയാളത്തില്‍ അന്ന് പുതിയൊരു അനുഭവമായിരുന്നു.

സീരിയല്‍ കില്ലിങ്ങിനെ അടിസ്ഥാനമാക്കി ഒരു സിനിമ ചെയ്യാന്‍ ഇടയായ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു. മൈ ബോസിന് ശേഷം മറ്റൊരു സംവിധായകന് വേണ്ടി ഒരു കഥ തയാറാക്കിയെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫുമായി സംസാരിച്ചിരുന്നുവെന്നും ജീത്തു പറഞ്ഞു.

തൊടുപുഴയില്‍ വെച്ച് ഡെന്നീസ് ജോസഫുമായി സംസാരിച്ച് ഇരുന്നപ്പോഴാണ് സീരിയല്‍ കില്ലിങ്ങിനെപ്പറ്റി ഒരു സിനിമ ചെയ്യണമെന്ന ചിന്ത വന്നതെന്ന് ജീത്തു കൂട്ടിച്ചേര്‍ത്തു. നാല് സ്ത്രീകളുടെ കൊലപാതകവും അതിന്റെ അന്വേഷണവും എന്ന രീതിയിലാണ് ആദ്യം ഉദ്ദേശിച്ചതെന്നും പിന്നീടാണ് ബൈബിള്‍ റഫറന്‍സ് ചേര്‍ക്കാന്‍ തോന്നിയതെന്നും ജീത്തു പറഞ്ഞു. ഇന്ന് കാണുന്ന രീതിയില്‍ സ്‌ക്രിപ്റ്റ് തയാറാക്കിയത് അതിന് ശേഷമാണെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡിറ്റക്ടീവിന് ശേഷം ചെയ്തത് ഫാമിലി ഡ്രാമ, കോമഡി ഴോണറുകളായിരുന്നു. മൈ ബോസിന് ശേഷം മറ്റൊരു സംവിധായകന് വേണ്ടി ഒരു കഥ എഴുതാനുള്ള തയാറെടുപ്പിലായിരുന്നു ഞാന്‍. അതുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് സാറിനെ കാണാന്‍ തീരുമാനിച്ചു. തൊടുപുഴയില്‍ റൂമൊക്കെ ബുക്ക് ചെയ്ത് പുള്ളിയെ കണ്ട് സംസാരിച്ചു. ആ സമയത്താണ് സീരിയല്‍ കില്ലിങ്ങിനെപ്പറ്റി ഒരു സിനിമ ചെയ്താലോ എന്ന് ആലോചിച്ചു.

നാല് സ്ത്രീകളുടെ കൊലപാതകം എന്ന രീതിയിലായിരുന്നു ആദ്യം ചിന്തിച്ചത്. പിന്നീടാണ് ബൈബിള്‍ റഫറന്‍സും സ്ത്രീകള്‍ക്ക് പകരം അവരുടെ ഭര്‍ത്താക്കന്മാരെ കൊല്ലുന്ന രീതിയും എന്ന ചിന്ത വന്നത്. ഇന്ന് കാണുന്ന രീതിയിലേക്ക് മെമമറീസ് മാറിയത് അങ്ങനെയാണ്. ഡിറ്റക്ടീവ് എന്ന സിനിമ ഞാന്‍ എഴുതിയത് റിവേഴ്‌സ് മോഡിലാണ്. കൊലപാതകത്തിന്റെ രീതി ആദ്യമേ കിട്ടി. പക്ഷേ, എന്തിന് ചെയ്തു എന്നതിനെപ്പറ്റിയായി പിന്നീട് ചിന്ത,’ ജീത്തു പറഞ്ഞു.

Content Highlight: Jeethu Joseph about Memories movie

Latest Stories

We use cookies to give you the best possible experience. Learn more