മലയാളികളെ സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് സിനിമ ചെയ്യുന്ന സംവിധായകനാണ് ജീത്തു ജോസഫ്. നിരവധി ത്രില്ലര്‍ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ സിനിമ ചെയ്യുമ്പോള്‍ വലിയ പ്രഷര്‍ താന്‍ അനുഭവിക്കുന്നുണ്ടെന്ന് പറയുകയാണ് ജീത്തു. നല്ല സിനിമ ചെയ്യുക കൂടെ പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരാന്‍ പാടില്ല എന്നാണ് താന്‍ ശ്രദ്ധിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമകളെക്കുറിച്ച് ജീത്തു പറഞ്ഞത്.
”സിനിമ ചെയ്യുമ്പോള്‍ എനിക്ക് പ്രഷര്‍ വരാറുണ്ട്. കാരണം ആളുകള്‍ പലതും പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആ പ്രഷര്‍ ഒരു പരിധി വരെ എന്നെ ബാധിക്കാറില്ല. എന്റെ ലക്ഷ്യം ഹിറ്റുകള്‍ ഉണ്ടാക്കുക എന്നതല്ല. ഇത്ര കോടി ക്ലബ്ബുകളില്‍ കയറ്റുക എന്നതല്ല. നല്ല സിനിമ ചെയ്യുക കൂടെ പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരാന്‍ പാടില്ല. ഇതാണ് എന്റെ കണ്‍സേണ്‍.
ഒരാള്‍ നമ്മളില്‍ വിശ്വസിച്ച് പൈസ മുടക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടം വരാന്‍ പാടില്ല എന്നത് ഞാന്‍ നോക്കും. ദൃശ്യം ഞാന്‍ പ്രതീക്ഷിക്കാതെ കയറിയപ്പോയ സിനിമയാണ്. ആ സമയത്ത് തന്നെ എന്റെ കയ്യില്‍ ലൈഫ് ഓഫ് ജോസൂട്ടിയുടെ കഥയുണ്ട്.
ഏതോ ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞു, എന്നെ തേടി ഒരു പരാജയം വരാനിരിക്കുന്നുണ്ടെന്ന്. അപ്പോള്‍ ആരോ പറഞ്ഞു നിങ്ങള്‍ക്ക് എന്താ കോണ്‍ഫിഡന്‍സ് ഇല്ലേ , നിങ്ങള്‍ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന്. അടുത്തത് ചെയ്യാന്‍ പോകുന്നത് തീര്‍ത്തും വേറെ ഴോണര്‍ പടമാണ് എന്ന് ഞാന്‍ പറഞ്ഞു.
ആ സമയത്ത് എനിക്ക് വേണമെങ്കില്‍ പേടിച്ച് മാറി നില്‍ക്കാമായിരുന്നു. കാരണം ദൃശ്യവും മെമ്മറീസും അടുപ്പിച്ചടുപ്പിച്ച് വന്നു ലൈഫ് ഓഫ് ജോസൂട്ടി നല്ല സിനിമ ആണെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. പക്ഷേ രണ്ട് സിനിമ അടുപ്പിച്ച് വന്നതുകൊണ്ടാകാം ലൈഫ് ഓഫ് ജോസൂട്ടി ആളുകള്‍ക്ക് ഇഷ്ടമാവാഞ്ഞത്.
അതുപോലെയാണ് പണ്ട് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയെന്ന കൊച്ചു കോമഡി സിനിമ ഞാന്‍ ചെയ്തത്. ഞാന്‍ വളരെ എന്‍ജോയ് ചെയ്താണ് ആ സിനിമ ചെയ്തത്. ആ പടവും നന്നായി വന്നില്ല അതില്‍ എനിക്ക് പരാതിയോ പരിഭവമെ ഇല്ല. കാരണം എനിക്ക് ഒരു ചേഞ്ചായിരുന്നു. ത്രില്ലര്‍ മാത്രം ചെയ്ത ഇടത്ത് ചെറിയ ബഡ്ജറ്റില്‍ കോമഡി സിനിമ ചെയ്തപ്പോള്‍ ഞാന്‍ ഹാപ്പിയായിരുന്നു,” ജീത്തു ജോസഫ് പറഞ്ഞു.
ആസിഫ് അലി നായകനായ കൂമനാണ് ജീത്തു ജോസഫിന്റെ പുതിയ സിനിമ. തീര്‍ത്തും ത്രില്ലര്‍ മൂഡിലുള്ള സസ്‌പെന്‍സ് എലമെന്റ്‌സ് നല്‍കുന്ന സിനിമയാണ് കൂമന്‍. ഗിരി ശങ്കര്‍ എന്ന പൊലീസായാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.
content highlight: jeethu joseph about life of josutty film