| Wednesday, 7th August 2024, 2:22 pm

12th മാനിലെ ആ കഥാപാത്രം ചെയ്യാന്‍ പല നടിമാരും തയ്യാറായിരുന്നില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവ് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെങ്കിലും മികച്ച ത്രില്ലറായിരുന്നു. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി മെമ്മറീസ് ചെയ്ത ജീത്തു ജോസഫ് മോഹന്‍ലാലിനെ വെച്ച് ചെയ്ത ദൃശ്യം ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് വന്‍ വിജയമായി മാറി.

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 12th മാന്‍. ഒരു രാത്രി നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവും പറഞ്ഞ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിനെക്കൂടാതെ ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്തുനാഥ്, അനു സിതാര, അനുശ്രീ, സൈജു കുറുപ്പ്, ശിവദ തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു.

ചിത്രത്തിലെ ഫിദ എന്ന കഥാപാത്രം ചെയ്യാന്‍ പല നടിമാരും തയ്യാറായിരുന്നില്ലെന്ന് പറയുകയാണ് ജീത്തു ജോസഫ്. സിഗരറ്റ് വലിക്കുന്ന, മദ്യപിക്കുന്ന പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്നതില്‍ ഇമേജ് കോണ്‍ഷ്യസായിട്ടാണ് പലരും പിന്മാറിയതെന്ന് ജീത്തു ജോസഫ് പറഞ്ഞു. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് എന്തിനാണ് പേടിക്കുന്നതെന്നും ജീത്തു ചോദിച്ചു.

കഥാപാത്രത്തിന്റെ സ്വഭാവമാണ് സിനിമയില്‍ കാണിക്കുന്നതെന്ന് അവര്‍ക്ക് മനസിലാകില്ലേയെന്നും ജീത്തു ജോസഫ് ചോദിച്ചു. ജീത്തു ജോസഫ് നിര്‍മിക്കുന്ന പുതിയ ചിത്രമായ ലെവല്‍ക്രോസിലേക്ക് ആസിഫിനെ വിളിച്ചപ്പോള്‍ ഇമേജ് നോക്കാതെ ആസിഫ് വന്നുവെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു. ലെവല്‍ക്രോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

’12th മാന്‍ എന്ന സിനിമയിലെ ഫിദ എന്ന ക്യാരക്ടര്‍ ചെയ്യാന്‍ പല നടിമാരും ആദ്യം തയ്യാറായിരുന്നില്ല. എല്ലാവര്‍ക്കും പേടിയായിരുന്നു. എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. സ്‌ക്രീനില്‍ കാണിക്കുന്നത് നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നുള്ള പേടിയാണോ? കഥാപാത്രത്തിന്റെ സ്വഭാവം കണ്ട് ആര്‍ട്ടിസ്റ്റുകളെ ജഡ്ജ് ചെയ്യുന്നവരല്ല പ്രേക്ഷകര്‍.

ലെവല്‍ക്രോസിലേക്ക് ആസിഫിനെ വിളിച്ചപ്പോള്‍ ഇമേജ് നോക്കാതെ വന്നയാളാണ് ആസിഫ് അലി. വളരെ കുറച്ച് ആര്‍ട്ടിസ്റ്റുകളില്‍ മാത്രമേ ഇത്തരം ഒരു കോണ്‍ഫിഡന്‍സ് ഞാന്‍ കണ്ടിട്ടുള്ളൂ. ആസിഫില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ ക്വാളിറ്റിയും അതാണ്. അയാളൊരു ഗുഡ് ആക്ടറാണ്, അതുപോലെ ഡെയറിങ് ആക്ടറുമാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about Leona Lishoy’s character in 12th Man

We use cookies to give you the best possible experience. Learn more