മലയാളസിനിമയുടെ ഗതി മാറ്റിയ ചിത്രമാണ് മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ 2013ല്‍ റിലീസായ ദൃശ്യം. അതുവരെ കണ്ടുശീലിച്ച ത്രില്ലറുകളില്‍ നിന്ന് വേറിട്ട അനുഭവമായിരുന്നു ദൃശ്യം. ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് മലയാളസിനിമ കണ്ട ഏറ്രവും വലിയ ഹിറ്റായി ദൃശ്യം മാറി. ഏഴ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട സിനിമയെന്ന റെക്കോഡും ദൃശ്യം സ്വന്തമാക്കി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗവുമായി വന്ന് ജീത്തു വീണ്ടും ഞെട്ടിച്ചു.
ഒ.ടി.ടി റിലീസായെത്തിയ ദൃശ്യം 2 ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചാവിഷയമായി മാറി. ആദ്യഭാഗത്തോട് ഒപ്പം നില്‍ക്കുന്ന രണ്ടാം ഭാഗം തന്നെയാണ് ജീത്തു അണിയിച്ചൊരുക്കിയത്. ദൃശ്യത്തിന് മൂന്നാം ഭാഗമുണ്ടാകുമോ എന്നാണ് ജീത്തു കുറച്ചുകാലങ്ങളായി നേരിടുന്ന ചോദ്യം. അത്തരം ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് ജീത്തു.
ദൃശ്യത്തിന്റെ ആദ്യഭാഗം ചെയ്ത സമയത്ത് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചിന്തകള്‍ മനസിലുണ്ടായിരുന്നില്ലെന്നും ദൃശ്യം 2വിന് ശേഷം അതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോയില്‍ ഗസ്റ്റായി പോയ സമയത്ത് ഗായിക ചിത്രയില്‍ നിന്ന് ദൃശ്യം 3ക്കുള്ള സ്പാര്‍ക്ക് തനിക്ക് കിട്ടിയെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.
അതിനെ വിപുലീകരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും എപ്പോള്‍ തുടങ്ങുമെന്ന് പറയാന്‍ പറ്റില്ലെന്നും ജീത്തു പറഞ്ഞു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു ജീത്തു.
‘ദൃശ്യം ചെയ്തുകഴിഞ്ഞ സമയത്ത് അതിന്റെ രണ്ടാം ഭാഗം എന്നത് എന്റെ മനസില്‍ ഉണ്ടായിരുന്നില്ല. 2015 മുതലാണ് അതിനെക്കുറിച്ചുള്ളചിന്തകള്‍ തുടങ്ങിയത്. ആ രണ്ട് വര്‍ഷം ദൃശ്യത്തിന് ഒരു സീക്വല്‍ എന്ന ചിന്ത എന്റെയുള്ളില്‍ ഉണ്ടായിരുന്നില്ല. ദൃശ്യം 2 ചെയ്തുകഴിഞ്ഞപ്പോഴും മൂന്നാം ഭാഗത്തെക്കുറിച്ച് എന്റെ മനസില്‍ ഒന്നുമില്ലായിരുന്നു.
പക്ഷേ കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോയില്‍ ഗസ്റ്റായി ഞാന്‍ പോയിരുന്നു. അവിടെ വെച്ച് ചിത്രചേച്ചി എന്നോട് സംസാരിച്ചപ്പോള്‍ എനിക്ക് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഒരു സ്പാര്‍ക്ക് കിട്ടി. ദൃശ്യം 2വും ഇതുപോലെയായിരുന്നു. ഒരു സംഭവം എന്റെ മുന്നില്‍ വെച്ച് നടന്നപ്പോള്‍ എനിക്ക് സെക്കന്‍ഡ് പാര്‍ട്ടിനുള്ള സ്പാര്‍ക്ക് കിട്ടി. ഇപ്പോഴും അതുപോലയാണ്. അതിന്റെ ക്ലൈമാക്‌സ് മനസിലുണ്ട്. അതിലേക്ക് എങ്ങനെയെത്തണം എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ട്. അതുകൊണ്ടാണ് ദൃശ്യം 3യെപ്പറ്റി സംസാരിക്കാത്തത്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph about his plans on Drishyam 3