കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഹിറ്റ് കൂടിയായി നേര് മാറി. പതിവില്‍ നിന്ന് വ്യത്യസ്തമായി കോര്‍ട്ട് റൂം ഡ്രാമയാണ് ജീത്തു- മോഹന്‍ലാല്‍ കൂട്ടുകെട്ട് സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചത്. മലയാളത്തിലെ മുന്‍നിര നടന്മാരിലൊരാളായ ഫഹദുമായിട്ടാണ് ജീത്തു തന്റെ അടുത്ത ചിത്രം ചെയ്യുന്നത്.
നേരിന്റെ തിരക്കഥാകൃത്ത് അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ് പുതിയ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആവേശത്തിന് ശേഷം ഫഹദ് അഭിനയിക്കുന്ന മലയാളസിനിമ കൂടിയാണിത്. നേര് പോലെ ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ജീത്തു ഫഹദിനെ നായകനാക്കി ചെയ്യുന്നതെന്ന് അനൗണ്‍സ്‌മെന്റിന്റെ സമയത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ജീത്തു ജോസഫ്.
നേര് പോലെ ഒരു കോര്‍ട്ട് റൂം ഡ്രാമയല്ല ഇതെന്നും എന്നാല്‍ ലീഗല്‍ ത്രില്ലറാണെന്നും ജീത്തു പറഞ്ഞു. ശാന്തി മായാദേവി തന്റെ സഹായമില്ലാതെ ആദ്യമായി പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റാണ് ഇതെന്നും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചെയ്യുന്ന സിനിമയാണെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. കഥയില്‍ കോടതി കാണിക്കുന്നുണ്ടെങ്കിലും നേരിലെപ്പോലെ മുഴുവന്‍ സമയവും കോടതിയില്‍ നടക്കുന്ന കഥയല്ലെന്നും ജീത്തു പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
‘നേരിന്റെ സ്‌ക്രിപ്റ്റ് ഞാനും ശാന്തിയും ചേര്‍ന്നാണ് എഴുതിയത്. എന്നാല്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റില്‍ ഞാന്‍ ശാന്തിയെ സഹായിച്ചിട്ടില്ല. നേര് പോലെ ഒരു കോര്‍ട്ട് റൂം ഡ്രാമയല്ല ഇത്. കോടതിയും ഇതില്‍ ഒരു പ്രധാന ഘടകമായി വരുന്നുണ്ടെന്നേയുള്ളൂ. ഇതിന്റെ ഴോണര്‍ ഏതാണെന്ന് ചോദിച്ചാല്‍ ലീഗല്‍ ത്രില്ലര്‍ എന്ന് പറയാന്‍ പറ്റും.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് ഇന്‍സ്‌പെയര്‍ഡായ സിനിമയാണ് അത്. ശാന്തിക്ക് അറിയാവുന്ന ഒരു സംഭവം എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു സിനിമക്കുള്ള കഥയുണ്ടെന്ന് മനസിലായി. അധികം വൈകാതെ ആ സിനിമയുടെ ജോലികളിലേക്ക് കടക്കാന്‍ പറ്റും എന്നാണ് വിശ്വസിക്കുന്നത്. അടുത്ത വര്‍ഷം തിയേറ്ററില്‍ എത്തും എന്ന് വിചാരിക്കുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph about his movie with Fahadh Faasil