മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ജീത്തു ജോസഫ്. മോഹൻലാൽ നായകനായി എത്തിയ നേരാണ് ജീത്തുവിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ഇതിന് പുറമെ ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന നുണക്കുഴി ഫൈനൽ ഡ്രാഫ്റ്റ് കഴിഞ്ഞ ജീത്തുവിന്റെ മറ്റൊരു ചിത്രമാണ്. മോഹൻലാൽ തന്നെ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്ന റാമും ജീത്തുവിന്റെ ഇറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രമാണ്.
ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. അടുപ്പിച്ച് പടം ചെയ്യേണ്ടി വന്നത് ഇ.എം.ഐ എടുത്തത്കൊണ്ടാണെന്ന് ജീത്തു പറഞ്ഞു. ഓരോ കാര്യങ്ങൾ തലയിൽ കയറ്റി വെച്ചത് കൊണ്ട് സിനിമകൾ ചെയ്യേണ്ടത് തന്റെ ആവശ്യമായി മാറിയെന്നും ജീത്തു പറയുന്നുണ്ട്. അല്ലെങ്കിൽ വർഷത്തിൽ ഒരു പടമൊക്കെ ചെയ്താൽ മതിയായിരുന്നെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയോടുള്ള ഇഷ്ടം ഇപ്പോഴും നിൽക്കുന്നുണ്ട്. അത് അന്നും ഇന്നും ഒരുപോലെ തന്നെ നിലനിൽക്കുന്നുണ്ട്. ഇത്രയും സിനിമകൾ അടുപ്പിച്ച് അടുപ്പിച്ച് ചെയ്യേണ്ട സാഹചര്യം വന്നത് ഇംഗ്ലീഷിൽ ഉള്ള ലെറ്റർ ഉണ്ട്, ഇ.എം.ഐ എന്ന് പറയും അത് കൊണ്ടാണ്. നമ്മൾ ഓരോന്ന് എടുത്ത് തലയിൽ കയറ്റി വെച്ചിട്ട് ഓരോ പരിപാടികൾ തുടങ്ങും.
അതുകൊണ്ട് ഒരു ആവശ്യമായി മാറി, അല്ലെങ്കിൽ വർഷത്തിൽ ഒരു പടമൊക്കെ ചെയ്താൽ മതി. പക്ഷേ പെട്ടുപോയി. പ്രത്യേക സാഹചര്യങ്ങളിൽ ചിലതിൽ എല്ലാം പെട്ടുപോയിട്ടുണ്ട്.
എഴുതാനുള്ള മടി അന്നും ഇന്നും എന്നും ഉണ്ട്. ഞാനെന്റെ ഫസ്റ്റ് സ്ക്രിപ്റ്റ് എഴുതിയിട്ട് അമ്മച്ചിയെ കാണിച്ചുകൊടുത്തു. ‘ നീ തന്നെ എഴുതിയതാണോ’ എന്നാണ് അമ്മച്ചി അപ്പോൾ ചോദിച്ചത്. കാരണം എന്റെ മടി അമ്മച്ചിക്ക് അറിയാം. ഇപ്പോഴും ഞാൻ ഇത്രയും എഴുതുന്നത് അമ്മച്ചിക്ക് അത്ഭുതമാണ് . ഞാൻ ഇപ്പോൾ ഒരു ഫുൾ സ്ക്രിപ്റ്റ് എഴുതിയിട്ട് കുറെ നാളായി. എങ്ങനെ എഴുതും എന്ന് ഞാൻ ഇപ്പോൾ ആലോചിക്കുന്നുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu joseph about his continuous movies