| Monday, 18th December 2023, 12:31 pm

അമിത പ്രതീക്ഷകൾ സൃഷ്ടിച്ച് സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്ന രീതി എനിക്കറിയില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ ഒരു അഭിഭാഷകനായാണ് മോഹൻലാൽ വേഷമിടുന്നത്. ദൃശ്യം സിനിമയെ പോലെ നേര് ഒരു ത്രില്ലറെല്ലെന്ന് ജീത്തു ആദ്യമേ പറഞ്ഞിട്ടുണ്ട്.

അമിത പ്രതീക്ഷകൾ സൃഷ്ടിച്ചും ആഘോഷങ്ങൾ സംഘടിപ്പിച്ചും സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്ന രീതി തനിക്ക് അറിയില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്. ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമിത പ്രതീക്ഷകൾ സൃഷ്ടിച്ചും വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചും സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്ന രീതി എനിക്കറിയില്ല. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. പലതരം മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് മനസ്സിന് ഇഷ്ടപ്പെട്ട ഒരു കഥ തെരഞ്ഞെടുക്കുന്നത്.

പറയാൻ ഉദ്ദേശിക്കുന്ന കഥ ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിക്കും, ബാക്കിയെല്ലാം പ്രേക്ഷകർ തീരുമാനിക്കട്ടെ. ദൃശ്യത്തിലെ ജോർജുകുട്ടിയെ പോലെയോ അല്ലെങ്കിൽ അതിലും സാധാരണക്കാരനായോ ആണ് ലാൽ സാർ നേരിൽ എത്തുന്നത്. ഞങ്ങൾ ഒന്നിലധികം സിനിമകളിൽ പ്രവർത്തിച്ചതിനാൽ അദ്ദേഹത്തിന്റെ രീതികൾ എനിക്കും എന്റെ ഇടപെടലുകൾ അദ്ദേഹത്തിനും കൃത്യമായി അറിയാം.

മാനസികമായുള്ള പൊരുത്തവും വിശ്വാസവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. കഥയുടെ കേട്ടപ്പോൾ തന്നെ നിങ്ങളത് എഴുതൂ എന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. കാര്യങ്ങളെ പോസിറ്റീവായി കാണുന്ന വ്യക്തിയാണ് ആന്റണി. എത്ര മനോഹരമായാണ് ലാൽ സാറുമായി അദ്ദേഹം ചേർന്നു നിൽക്കുന്നതെന്ന് ഞാൻ അതിശയത്തോടെ നോക്കിയിട്ടുണ്ട്. അത്തരം ബന്ധങ്ങൾ ഇന്നത്തെ കാലത്ത് കുറവാണ്. ഒരു സിനിമ നിർമിക്കാൻ ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നീട് വരുന്ന ഏത് പ്രശ്നത്തിനും ആന്റണി പരിഹാരം കണ്ടുകൊള്ളും,’ ജീത്തു ജോസഫ് പറഞ്ഞു.

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സതീഷ് കുറുപ്പാണ് സിനിമയുടെ ഡി.ഒ.പി. പ്രിയാമണി, ജഗദീഷ്, സിദ്ധീഖ്,അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Content Highlight: Jeethu joseph about expectaion about  his movies

We use cookies to give you the best possible experience. Learn more