മലയാള സിനിമ ചരിത്രത്തിലെ വലിയ വിജയങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രം ചെറിയ ഹൈപ്പിൽ തിയേറ്ററിൽ എത്തുകയും മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു. തമിഴ്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കെല്ലാം റീമേക്ക് ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗത്തിനും ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്.
ദൃശ്യം 2 ഒ.ടി.ടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ദൃശ്യം 2 അവസാനനിമിഷം വരെ തിയേറ്ററിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ജീത്തു ജോസഫ് പറയുന്നു.
എന്നാൽ അന്ന് ഗൾഫിലെല്ലാം തിയേറ്റർ അടക്കുന്ന സമയമായിരുന്നുവെന്നും അപ്പോഴാണ് ആമസോണിൽ നിന്ന് നല്ല ഓഫർ ലഭിച്ചതെന്നും ജീത്തു പറഞ്ഞു. ഒരു ഫിലിം മേക്കർ എന്ന നിലയിൽ ദൃശ്യം 2 സ്വീകരിക്കപ്പെട്ടപ്പോൾ സന്തോഷം തോന്നിയെന്നും എന്നാൽ ദൃശ്യം തിയേറ്ററിൽ ഇറക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ദൃശ്യം 2 അവസാനനിമിഷം വരെ തിയേറ്ററിലെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. ആന്റണിയുടെ കൈയില്‍ മരക്കാര്‍ പോലെ വലിയൊരു സിനിമകൂടി ആ സമയത്ത് ഉണ്ടായിരുന്നു. ദൃശ്യം എന്ന് തിയേറ്ററിലെത്തിക്കാന്‍ പറ്റുമെന്ന് യാതൊരു ഐഡിയയും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഗള്‍ഫിലെല്ലാം തിയേറ്ററുകള്‍ വീണ്ടും അടക്കുന്നു എന്ന സ്ഥിതി വന്നു. ആ സമയത്താണ് ആന്റണി വിളിച്ചിട്ട് ‘ആമസോണില്‍ നിന്ന് നല്ലൊരു ഓഫറുണ്ട്. നമുക്കിത് ഒ.ടി.ടിയില്‍ ഇറക്കാം’ എന്ന് പറഞ്ഞു.
ഒ.ടി.ടിയില്‍ ഇറക്കിയാല്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് യാതൊരു ഐഡിയയുമില്ലായിരുന്നു. സിനിമ സ്ട്രീം ചെയ്തതിന്റെ പിറ്റേദിവസം എന്റെ ഫോണിലേക്ക് 600ലധികം മെസേജുകളാണ് വന്നത്.
ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് ആളുകള്‍ അഭിനന്ദനം അറിയിച്ച് വിളിച്ചതാണ്. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ എനിക്കത് സന്തോഷം നല്‍കി. പക്ഷേ ഒരു സിനിമാപ്രേമിയെന്ന നിലയില്‍ ദൃശ്യം 2 തിയേറ്ററില്‍ കാണാന്‍ പറ്റാത്തതില്‍ നിരാശയുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph About Drishym 2 Movie O.t.t Release