Entertainment news
'ദൃശ്യം റീമേക്കില്‍ ആദ്യം ആലോചിച്ചത് രജിനിയെ, ഒരു രംഗത്തിന്റെ പേരില്‍ അദ്ദേഹം പിന്മാറി'
മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും അവിടെയെല്ലാം തന്നെ മികച്ച പ്രതികരണങ്ങള്‍ നേടുകയും ചെയ്തിരുന്നു.
തമിഴില്‍ പാപനാസം എന്ന പേരിലാണ് ചിത്രം ഒരുക്കിയിരുന്നത്. കമല്‍ഹാസനെ നായകനാക്കി ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തമിഴ് റീമേക്കും സംവിധാനം ചെയ്തത്.
എന്നാല്‍ പാപനാസത്തില്‍ രജിനികാന്തിനെയാണ് ആദ്യം നായകനാക്കാന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം അത് നടക്കാതെ പോവുകയായിരുന്നു എന്നും പറയുന്ന ജീത്തു ജോസഫിന്റെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പഴയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.
ഒരു സീനിനെ സംബന്ധിച്ചുള്ള കണ്‍ഫ്യൂഷന്‍ കാരണമാണ് അദ്ദേഹം ആദ്യം വിട്ടുനിന്നതെന്നും എന്നാല്‍ ആ കണ്‍ഫ്യൂഷന്‍ തീര്‍ത്ത് തിരിച്ചെത്തിയപ്പോഴേക്കും കമല്‍ഹാസനെ വെച്ച് പടം ചെയ്തു തുടങ്ങിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു.
‘ദൃശ്യം മലയാളത്തില്‍ ഇത്ര വലിയ സക്‌സസ് ആയപ്പോള്‍ എനിക്ക് തോന്നുന്നത് അതിന്റെ മൂന്നാം ദിവസമോ നാലാം ദിവസമോ സുരേഷ് ബാലാജി (പ്രൊഡ്യൂസര്‍) സിനിമയുടെ ഓള്‍ ഇന്ത്യ റൈറ്റ്‌സ്, എല്ലാ ലാംഗ്വേജിലേക്കുമുള്ള റൈറ്റ്‌സ് വാങ്ങിച്ചു.
ചിത്രം തമിഴില്‍ നിര്‍മിക്കുകയാണെങ്കില്‍ ആരെയായിരിക്കും നായകനാക്കേണ്ടത് എന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ഒഫ് കോഴ്‌സ് രജിനി സാര്‍ തന്നെയായിരിക്കണം എന്ന്.
ഞങ്ങള്‍ അദ്ദേഹത്തെ സിനിമ കാണിക്കാം എന്ന് അവര്‍ പറഞ്ഞു, ഒരാഴ്ചക്ക് ശേഷം കമല്‍ സാര്‍ ആണ് രജിനി സാറിന് പകരം സിനിമ ചെയ്യുന്നത്, കാര്യങ്ങള്‍ അങ്ങനെ മുന്നോട്ട് പോവുകയാണ് എന്ന് പറഞ്ഞു. അവര്‍ തമ്മിലാണ് കൂടുതല്‍ ഡിസ്‌കഷന്‍സ് നടന്നത്. അതിന് ശേഷമാണ് ഞാനും കമല്‍ സാറും ഫേസ് ടു ഫേസ് ഡിസ്‌കഷന്‍സ് ഒക്കെ നടക്കുന്നത്.
രജിനി സാറിന് സിനിമ ഭയങ്കരമായി ഇഷ്ടമായി. സിനിമ കണ്ട് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. അദ്ദേഹത്തിന്റെ ഹോം തിയേറ്ററില്‍ ഈ സിനിമ കണ്ട് 20 മിനിട്ട് അദ്ദേഹം അവിടെ ഇരുന്നു എന്നാണ് പറഞ്ഞത്. അതുകഴിഞ്ഞിട്ടാണ് വിളിക്കുന്നത്.
ഇത് കഴിഞ്ഞ് സുരേഷ് സാറിനെ വിളിച്ച് സിനിമ ഇഷ്ടമായി എന്നൊക്കെ പറഞ്ഞു. ഇതിലൊരു കുഴപ്പം എന്ന് പറഞ്ഞാല്‍ ആ സിനിമയില്‍ ലാലേട്ടനെ തല്ലുന്ന ഒരു സീക്വന്‍സ് ഉണ്ടല്ലോ, അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം വെച്ചിട്ട് അദ്ദേഹത്തിന്റെ ആരാധകരും ഓഡിയന്‍സും എങ്ങനെ എടുക്കും എന്നതിനെ കുറിച്ച് ഒരു സംശയം പുള്ളിക്ക് ഉണ്ടായിരുന്നു.
അത് കഴിഞ്ഞ നമ്മള്‍ കമല്‍ സാറിലേക്ക് പോയി. ആ സമയത്ത് അദ്ദേഹത്തിന്റെ (രജിനികാന്ത്) ഫ്രണ്ടോ മറ്റോ പറഞ്ഞ് അദ്ദേഹം റീ തിങ്ക് ചെയ്ത് തിരിച്ചുവന്നതാണ്. അപ്പോഴേക്കും ഓള്‍റെഡി നമ്മള്‍ ഇവിടെ മൂവ് ചെയ്തു.
ഇത് അറിഞ്ഞപ്പോള്‍ വെരി ഗുഡ്, ഗോ എഹെഡ് എന്ന് പറഞ്ഞു. എനിക്ക് തോന്നുന്നു കമല്‍ സാര്‍ ആയിരിക്കും ഏറ്റവും നല്ലത് എന്നൊക്കെ പറഞ്ഞ് നല്ല രീതിയിലാണ് അതിനെ എടുത്തത്,’ ജീത്തു ജോസഫ് പറഞ്ഞു.
Content highlight: Jeethu Joseph about Drishyam’s Tamil remake