| Thursday, 25th July 2024, 9:50 am

ഞാന്‍ ഏത് സിനിമ ചെയ്താലും ദൃശ്യവുമായി കമ്പയര്‍ ചെയ്യുന്ന ശീലം ഇപ്പോള്‍ ആളുകള്‍ക്കുണ്ട്, എന്തിനാണെന്ന് മനസിലാകുന്നില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയില്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് പുതിയ ആഖ്യാനശൈലി കൊണ്ടുവന്ന സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവ് മുതല്‍ മികച്ച ത്രില്ലര്‍ ചിത്രങ്ങളാണ് ജീത്തു ഒരുക്കിയത്. മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച ത്രില്ലര്‍ ചിത്രമായ ദൃശ്യം ഒരുക്കിയതും ജീത്തു തന്നെയാണ്. 2013ല്‍ ഇറങ്ങിയ ദൃശ്യത്തിന് 2021ല്‍ രണ്ടാം ഭാഗവും പുറത്തിറക്കിയിരുന്നു.

ദൃശ്യത്തിന് ശേഷം താന്‍ ഏത് സിനിമ ചെയ്താലും അതിനെയെല്ലാം ദൃശ്യവുമായി കമ്പയര്‍ ചെയ്യുന്ന ശീലം കാണാറുണ്ടെന്ന് ജീത്തു പറഞ്ഞു. ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും തമ്മില്‍ താരതമ്യം ചെയ്യുന്നത് മനസിലാകക്കാന്‍ പറ്റുമെന്നും ബാക്കി സിനിമകള്‍ അങ്ങനെ ചെയയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.

താന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ ലെവല്‍ക്രോസിനെയും ആളുകള്‍ ഇത്തരത്തില്‍ കമ്പയര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അത് പാടില്ലെന്നും ജീത്തു പറഞ്ഞു. ദൃശ്യം ലെവല്‍ ട്വിസ്റ്റുകളൊന്നും ഇതില്‍ പ്രതീക്ഷിക്കരുതെന്നു ജീത്തു കൂട്ടിച്ചേര്‍ത്തു. ലെവല്‍ക്രോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.

‘ദൃശ്യത്തിന് ശേഷം ഏത് സിനിമ ചെയ്താലും അതിനെ ദൃശ്യവുമായി കമ്പയര്‍ ചെയ്യുന്ന ആളുകളുണ്ട്. ദൃശ്യം പോലെ ത്രില്ലര്‍ സിനിമ ആകണമെന്ന് പലര്‍ക്കും നിര്‍ബന്ധമില്ല. ഏത് സിനിമ ചെയ്താലും ‘ദൃശ്യം ലെവലില്‍ വന്നില്ല’ എന്ന് അവരൊക്കെ പറയുന്നത് കേള്‍ക്കാം. ദൃശ്യവും ദൃശ്യം 2വും തമ്മില്‍ കമ്പയര്‍ ചെയ്യുന്നത് മനസിലാക്കാം.

പക്ഷേ ബാക്കി സിനിമകള്‍ അതുപോലെ താരതമ്യം ചെയ്യുന്നത് എന്തിനാണെന്ന് പിടി കിട്ടുന്നില്ല. ദൃശ്യം ഒരു ബെഞ്ച്മാര്‍ക്ക് സിനിമയാണ്. അതിനെ മറ്റ് സിനിമകളുമായി കമ്പയര്‍ ചെയ്യേണ്ട ആവശ്യമില്ല. ഇനി ഇറങ്ങാന്‍ പോകുന്ന ലെവല്‍ക്രോസില്‍ ദൃശ്യം മോഡല്‍ ട്വിസ്‌റ്റൊന്നും പ്രതീക്ഷിക്കരുത്. സാധാരണ സിനിമയെ സമീപിക്കുന്നത് പോലെ സമീപിച്ചാല്‍ മതി,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about Drishyam and other movies

We use cookies to give you the best possible experience. Learn more